ഇ.ശ്രീധരൻ ജി, ഇലക്ഷൻ - എന്നുള്ളിലെ ഇടുങ്ങിയ ചോദ്യങ്ങൾ - അതിനുള്ള ഉത്തരങ്ങളും !


കുറച്ചു ദിവസങ്ങളായി മനസ്സ് വളരെ അസ്വസ്ഥമാണ്. മനസ്സിൽ നൊമ്പരമായി ശ്രീ.ഇ.ശ്രീധരൻ സർ. ലോകം മുഴുവൻ ആദരിക്കുന്ന ഋഷിതുല്യനായ കർമ്മയോഗി - അദ്ദേഹത്തെ മലയാള മാധ്യമങ്ങൾ അവരവരുടെ ടി.ആർ.പി റേറ്റിംഗിന് വേണ്ടി വളഞ്ഞിട്ട് വേട്ടയാടുന്ന കാഴ്ച്ച വേദനാജനകം തന്നെയായിരുന്നു. അതിനു പുറമെ നവമാധ്യമങ്ങളിലൂടെയുള്ള ട്രോളുകളും. ചുരുക്കം പറഞ്ഞാൽ, ശ്രീധരൻ സർ നാട് നന്നാക്കാൻ പോവേണ്ടതിലായിരുന്നു എന്ന് പോലും തോന്നി - അതിനു മാത്രമുള്ള യോഗ്യതയൊന്നും കോട്ടുവായിട്ടു വടക്കോട്ട് നോക്കി ചൊറിയും കുത്തിയിരിക്കുന്ന കേരളത്തിനു ഇല്ലാന്നേ !

ഒരു പക്ഷെ എൻറെ അസ്വസ്ഥതയുടെ ഗാഢത കൊണ്ടാവും കഴിഞ്ഞ ദിവസം എന്റെ സ്വപ്നത്തിൽ ശ്രീധരൻ സർ തന്നെ പ്രത്യക്ഷപെട്ടു. ഞാൻ അദ്ദേഹത്തിനോട് സംവദിച്ചു - ഒരു പാട് നേരം. എൻറെ അസ്വസ്ഥതകൾ ഞാൻ അദ്ദേഹത്തിനോട് തുറന്നു പറഞ്ഞു. അദ്ദേഹം അതിന്നു മറുപടിയും തന്നു - ഭാരതീയ ദർശനത്തിലൂടെയുള്ള  മറുപടി തന്നെ !

ഞാൻ : "എന്തിനാണ് ശ്രീധർ സർ അങ്ങ് ഈ അഴിമതി പുരണ്ട രാഷ്ട്രീയ മാർഗത്തിലോട്ട് വന്നത് ?"

ശ്രീ : "നീ ഭാരതീയൻ അല്ലേ?"

ഞാൻ : "അതെ"

ശ്രീ : "പുസ്‌തകങ്ങൾ വായിക്കാൻ താല്പര്യമുള്ള കൂട്ടത്തിലാണോ?"

ഞാൻ : "അതെ "

ശ്രീ : "നീ രാമായണം വായിച്ചിട്ടുണ്ടോ?"

ഞാൻ : "ഉവ്വ്"

ശ്രീ : "മഹാഭാരതം വായിച്ചിട്ടുണ്ടോ?"

ഞാൻ : "ഉവ്വ്"

ശ്രീ : "ഭഗവത് ഗീതയോ ?"

ഞാൻ : "കുറെയൊക്കെ - ശ്രദ്ധയോടെ വായിച്ചിട്ടില്ല !"

ശ്രീ : "അതിന്റെ ഒരു പ്രശ്നമാണ്  നിന്റെ ഈ ചോദ്യത്തിൽ - ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ ഭഗവത് ഗീതയല്ലേ വായിക്കേണ്ടത്! വിഷമഘട്ടങ്ങളിൽ ഉത്തരമായി ഭഗവത് സന്ദേശതിന്നപ്പുറമായി എന്ത് വേണം!?"

"നിന്റെ ചോദ്യങ്ങൾക്ക് ഞാൻ ഭഗവത് ഗീതയിൽ നിന്ന് തന്നെ ഉത്തരം തരാം - നീ പോയി വായിക്കുക, ഉണരുക, ചിന്തിക്കുക, സത്യത്തെ അറിയുക, കർമയോഗിയായി ജീവിക്കുക !"

"ആദ്യം നീ മനസ്സിൽ ഉറപ്പിക്കേണ്ടത് വിവേകാനന്ദ സ്വാമികൾ തന്നെ വളരെ പ്രാധാന്യം കൽപ്പിച്ച  ഭഗവത് ഗീതയിലെ രണ്ടാം അദ്ധ്യായത്തിലെ മൂന്നാം ശ്ലോകം. തന്നെ ! 

ക്ളൈഭ്യം മാസ്‌മ ഗമ പാർത്ഥ ന എതത് ത്വയി ഉപപദ്യതേ 

ക്ഷുദ്രം ഹൃദയദൗര്ബല്യം ത്യക്തോതിഷ്ഠ പരന്തപ.(2:3)

ഈ മായാലോകത്തിൽ എന്തും സംഭവിക്കാം ! അവിചാരിതമായ ക്ലേശങ്ങളും, അചിന്തനീയമായ പ്രതിബന്ധങ്ങളും എപ്പോൾ വേണമെങ്കിലും നമ്മളെ സംഭ്രമിപ്പിച്ചേക്കാം! എന്തൊക്കെയായാലും നീ ഒരിക്കലും ഒരു കാരണവശാലും ഹൃദയദൗര്ബല്യത്തിന് വശംവദനാവരുത് ! ഇനി നിന്റെ ചോദ്യത്തിന് - ഭാരതത്തിന്റെ പുരോഗതിക്ക് ഭാരതീയർ തന്നെ മുന്നിട്ട് ഇറങ്ങണം - വേണ്ടേ? രാഷ്ട്രീയത്തെ രാഷ്ട്ര നന്മയ്ക്കായി മാറ്റിയെടുക്കാൻ ശ്രമിക്കേണ്ടതല്ലേ? 

ഭഗവത് ഗീത പറയുന്നു - ന കർമ്മണാമനാരംഭാ നൈഷ്കർമ്യം പുരുഷോശ്നുതേ ന ച  സന്യാസനാദേവ സിദ്ധിം സമ്മധിഗച്ഛതി! (3:4) - കർമ്മത്തെ ത്യജിച്ചു കൊണ്ട് മാത്രം ആർക്കും പൂർണത ലഭിക്കുകയില്ല ! - നിയതം കുരു കർമ്മത്വം കർമ്മ ജ്യായോഹ അകർമ്മണ (3:8) - കർമ്മം ആകർമ്മത്തേക്കാൾ എന്നും ശ്രേഷ്ടം തന്നെ ! അങ്ങനെ ഇരിക്കെ നമ്മുക്ക് നിയതമായ കർമ്മം എന്തെന്ന് പരിപൂർണമായി മനസ്സിൽ ഉറപ്പിച്ചാൽ പിന്നെ അത് ചെയ്യുക തന്നെ. അതിൽ യാതൊരു പരിഭവവും ഉണ്ടാവേണ്ടതില്ല."


ഞാൻ : "ഇവിടെ താങ്കളെ മാധ്യമങ്ങളും, സൈബർ പോരാളികളും വേട്ടയാടുന്നത് സഹിക്കാവുന്നതിൽ അപ്പുറമായി.."

ശ്രീ : "നീ വീണ്ടും വായിക്കുക - ക്ഷുദ്രം ഹൃദയദൗര്ബല്യം ത്യക്തോതിഷ്ഠ പരന്തപ. ഇനി നിന്റെ ചോദ്യത്തിനായി ഭഗവത് ഗീത പറയുന്നു - ഉദ്ധരേദ് ആത്മനാത്മാനം ന ആത്മാനം അവ സാധയേത്! (6:5), നിന്നെ നീ തന്നെയാണ് ഉദ്ധരിക്കുന്നതും താഴ്ത്തുന്നതും. മനസ്സ് പാറ പോലെ ഉറച്ചതാണെങ്കിൽ യാതൊന്നും നിന്നെ കീഴടക്കില്ല ! ഉറപ്പ് ! അടുത്ത തലത്തിൽ എത്തിയാൽ - മാനാപമാനയോസ്തുല്യ സ്‌തുല്യോ മിത്രാരിപക്ഷയോ (14:24) എന്ന അവസ്ഥയിലും എത്താം !"


ഞാൻ : "തിരഞ്ഞെടുപ്പിൽ തോറ്റാൽ.... ?"

ശ്രീ : "നീ വീണ്ടും വായിക്കേണ്ടിയിരിക്കുന്നു - ക്ഷുദ്രം ഹൃദയദൗര്ബല്യം ത്യക്തോതിഷ്ഠ പരന്തപ. എപ്പോഴൊക്കെ നിന്റെ മനസ്സ് ചഞ്ചലമാകുന്നുവോ നീ വീണ്ടും വീണ്ടും ഈ ശ്ലോകം തന്നെ വായിക്കുക, എന്റെ വാക്കുകൾ അല്ലാ - ഭഗവത് ഗീതയിലെ ഭഗവാന്റെ വാക്ക് തന്നെ ! ഒരു കർമ്മം ചെയ്യുമ്പോൾ നിഷ്‌കാമമായി ചെയ്യുക - അതിൽ നീ ജയിക്കുമോ തോൽക്കുമോ എന്ന ചിന്തകൾക്ക് ഒരു പ്രസക്തിയും ഇല്ല. അസക്തോ ഹ്യാചാരൻ കർമ്മ പരമാപ്നോതി പൂരുഷ! (3:19) സുഖ ദുഃഖ സമ്മേകൃത്വ ലാഭാലാഭോ, ജയാജയൗ. ഞാൻ എന്റെ കർമ്മം ചെയുന്നു - ഇവിടെ ജയിച്ചാലും, തോറ്റാലും അതിൽ ആശങ്ക വേണ്ടേ വേണ്ട! ഞാൻ എന്റെ ധർമ്മത്തിൽ അധിഷ്ഠിതമായ കർമ്മം തുടരുക തന്നെ ചെയ്യും!"

എനിക്ക് എന്റെ ഈ പ്രായത്തിൽ ഇത്രയൊക്കെ ചെയ്യുവാൻ സാധിക്കുമെങ്കിൽ, യുവാക്കളായ നിങ്ങൾക്ക് ഇതിലും എത്രയോ മടങ്ങ് കൂടുതൽ ചെയ്യുവാൻ സാധിക്കും ! എന്റെ ഈ ശ്രമം നിങ്ങളേവർക്കും രാജ്യസേവനത്തിനായി ഉണരുവാനുള്ള പ്രചോദനമാവട്ടെ ! ഭാരതത്തിന്റെ ഉന്നമനത്തിനു വേണ്ടി നിങ്ങൾ ഓരോരുത്തരും നിങ്ങളാൽ ആവും വിധം പ്രയത്നിക്കുക - സംതൃപ്തിയോടെ ജീവിതം ജീവിക്കുക !" 

"ഓർക്കുക - കർമണ്യ ഏവ അധികാര തെ ! മാ ഫലേഷു കദാചന ! (2-47)"

സ്വപ്നസാഫല്യം ശുഭം!


No comments:

Post a Comment