ഉത്സവപറമ്പിലൂടെ - 3

മേളവും കച്ചേരിയും കഴിഞ്ഞു. മേളക്കാരും, വാദ്യക്കാരും ഉറക്കമായി. പാപ്പാന്മാരും, പാറാവുകാരും, പനംപട്ട തിന്നു നിൽക്കുന്ന ആനകൾ പോലും മയങ്ങി തുടങ്ങി. എന്തിന്, ഭഗവാൻ പോലും ഒന്ന് കണ്ണടച്ചു പോവുന്ന യാമം!
പക്ഷെ, ഊട്ടുപുരയുടെ മുകൾ തട്ടിൽ അപ്പോഴും നിറഞ്ഞ സദസ്സ്. അരങ്ങിൽ കല്യാണസൗഗന്ധികം. കാടിളക്കി നടന്നു വരുന്ന ഭീമൻ. കാട്ടിൽ ആനയും, മലമ്പാമ്പും, സിംഹവും നിറഞ്ഞ പകർന്നാട്ടം. ചെണ്ടയും, മദ്ദളവും അരങ്ങിലെ ഭാവഭേദങ്ങൾ പകർത്തി കൊട്ടുന്നു. 

വൃദ്ധ വാനരനായി നടിച്ച് കിടക്കുന്ന ഹനുമാനോട് ഭീമന്റെ ആക്രോശം - "വഴിയിൽ .... നിന്നു... പോക... വൈ..കാ..തെ ... വാ...ന...ര..!"

ആവേശചകിതരായി സദസ്യർ -  കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ, കലാകാരന്മാർ, കഥകളി വിദ്യാർത്ഥികൾ, വൃദ്ധർ എന്നല്ല അവിടെ ഇരിക്കുന്നവരും, കിടക്കുന്നവരും, നില്കുന്നവരുമെല്ലാം വിസ്മയത്തോടെ നോക്കുന്നത് അരങ്ങിലെ ഹനുമാനെയാണ്!


അതെ,  അരങ്ങിലും, സദസ്സിലും, ഇരിക്കുന്നവരിലും, കിടക്കുന്നവരിലും, നില്കുന്നവരിലും നിന്നെല്ലാം അസാമാന്യനാണ് ആ വിശ്വരൂപം പൂണ്ടു നില്ക്കുന്ന ഹനുമാൻ. ആരേയും ക്ഷീണിപ്പിക്കുന്ന രാത്രിയുടെ ആ യാമത്തിൽ അദ്ദേഹത്തെ പോലെയൊരാൾ അരങ്ങിലെന്നല്ല, സദസ്സിൽ പോലും സങ്കല്പിക്കുക അവിശ്വസനീയം! എന്തിന് തൃപ്പൂണിത്തുറ ഒട്ടാകെ നോക്കിയാൽ  പോലും അദ്ദേഹത്തെ പോലെയൊരാൾ രാത്രി മുഴുവൻ ഉണർന്നിരിക്കുന്നത്  കാണുക  അചിന്തനീയം!


ഭീമന്റെ അഹങ്കാരത്തെ ശമിപ്പിച്ച്, യാത്രയാക്കി  ഹനുമാൻസ്വാമി വീണ്ടും രാമനാമം ജപിച്ചു്  ധ്യാനനിമഗ്നനായി - 
"രാമാ....ജയ....രാമാ...ജയ....ലോകാഭിരാമാ......ജയ.....!".

തിരശ്ശീല. 

സദസ്യരുടേ നിലയ്ക്കാത്ത കരഘോഷം! 



അപ്പോഴേക്കും സമയം 4.30 കഴിഞ്ഞിരുന്നു. നേരം പുലർന്നു തുടങ്ങി. ഉറക്കചുവടിൽ ഞങ്ങൾ നടന്നു നീങ്ങുമ്പോൾ, അണിയറയിൽ ഒരു ക്ഷീണവുമില്ലാതെ  ചമയങ്ങൾ മാറ്റുന്ന ഹനുമാൻ സ്വാമി! മഹാനായ ആചാര്യൻ, മഹാ നടൻ, കപ്ലിങ്ങോടൻ ശൈലിയുടെ അവസാന കണ്ണി! പത്മഭൂഷൺ  ശ്രീ. മടവൂർ വാസുദേവൻ നായർ - 
വയസ്സ് 88!

***


07.Feb.2018 : രാവിലെ റേഡിയോയിൽ പ്രാദേശിക വാർത്തകൾ കേട്ട് ഞാൻ സ്തബ്ധനായി - "കഥകളി ആചാര്യൻ ശ്രീ.മടവൂർ വാസുദേവൻ നായർ അരങ്ങിൽ കുഴഞ്ഞു വീണു - അന്തരിച്ചു" (06.Feb.2018 രാത്രി, അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം, അഞ്ചൽ). 

തൃപ്പൂണിത്തുറ വൃശ്ചികോത്സവം കഴിഞ്ഞു മൂന്ന് മാസമായിട്ടില്ല. വൃശ്ചികോത്സവത്തിന് കല്യാണസൗഗന്ധികം കണ്ട ആ രാത്രി (നവംബർ 23, 2017) വീണ്ടും മനസ്സിൽ നിറഞ്ഞു വന്നു - അന്ന്, ആ മഹാനായ ആചാര്യൻ ആടുന്നതിനിടയിൽ, ആസ്വാദകർ പലരും ശ്രദ്ധിച്ചില്ലെങ്കിലും, അശുഭസൂചകമെന്ന പോലെ, ആട്ടവിളക്ക്‌  കെട്ടു. ഒന്നല്ല, രണ്ടു തവണ. അവിടെ കളി കണ്ടിരുന്ന അഡ്വ.രഞ്ജനി സുരേഷ് ഇത് കണ്ടു ഉത്കണ്ഠപ്പെട്ട് തിരക്കിട്ട് വിളക്ക്‌ വീണ്ടും കൊളിത്തിച്ചത് ചിലരൊക്കെ ശ്രദ്ധിച്ചിരുന്നു. അതൊരു സൂചന ആയിരുന്നോ? അദ്ദേഹം അന്ന് തൃപ്പൂണിത്തുറയോട് വിടപറയാതെ വിടപറയുകയായിരുന്നോ?

***


2 comments: