"ശരിക്കും പറഞ്ഞാ ഈ ജീവിതം എന്താ?" - പലപ്പോഴും പലരും നൊമ്പരമായും നേരമ്പോക്കായും നെടുവീർപ്പായുമെല്ലാം എന്നോട് ചോദിക്കുന്ന ചോദ്യമാ! അവരോടെല്ലാം സന്ദർഭവും, സാഹചര്യവുമനുസരിച്ച് എന്തെങ്കിലും പറയുമെങ്കിലും അതൊന്നും പൂർണ്ണമാണെന്ന് എനിക്കൊരിക്കലും അനുഭവപ്പെട്ടിട്ടില്ല.
പരന്ന ഏകാന്തതയിൽ പലപ്പോഴും അതേ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് - അതിനുള്ള ഉത്തരം എനിക്ക് കിട്ടാറുമുണ്ട്. പക്ഷെ ആ ഉത്തരം എനിക്ക് പരിപൂർണ്ണമാണെങ്കിലും മറ്റാർക്കും ബോധ്യപ്പെടണമെന്നില്ല എന്ന ഉത്തമബോധ്യത്താൽ അതങ്ങനെ കീറ കടലാസ്സിൽ കോറിയിട്ടപോലെ മനസ്സിന്റെ കീശയിൽ മടങ്ങിക്കൂടി കിടക്കാറാണ് പതിവ്!
ദാ, അപ്പോഴാണ് മഴ നനഞ്ഞ ഇരുണ്ട ഒരു ഞായറാഴ്ച യാദൃച്ഛികമായി ശ്രീ.സി.ജി. ശാന്തകുമാർ എഴുതിയ "വീട്ടുമുറ്റത്തെ ശാസ്ത്രം" എന്ന കൊച്ചു പുസ്തകം വായിക്കാനിടയായത്! ആ ഒരു ഞായറാഴ്ച, അപ്പുവും, അമ്പിളിയും എന്നേയും അവരുടെ രണ്ടു മാസത്തെ വേനലവധിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി.
അവരുടെ കൂടെ ഞാനും ആ പുസ്തകങ്ങളിൽ മുഴുകി, പരീക്ഷണങ്ങളിലും, നിരീക്ഷണങ്ങളിലും കൂടി, പറമ്പിലും, തൊടിയിലും, തോട്ടിലുമെല്ലാം അലഞ്ഞ് അലിഞ്ഞു നടന്നു.
ഞാൻ അവരിലൂടെ അന്ന് വായിച്ചത്, അല്ല, കണ്ടത്, അല്ല, അനുഭവിച്ചത് - വീടും, തൊടിയും, മുറ്റവും, ശാസ്ത്രവും മാത്രമല്ല - എൻ്റെ മനസ്സിലെ കീറ കടലാസ്സിൽ കോറിയിട്ട ജീവിതത്തിന്റെ നിർവചനം തന്നെയായിരുന്നു!
ആ നിർവചനം ഇങ്ങനെയായിരുന്നു -
"ഒറ്റ വാക്കിൽ പറഞ്ഞാൽ ജീവിതമെന്നത് പണ്ട് നാം ആനന്ദിച്ചാർമാദിച്ചാസ്വദിച്ചനു ഭവിച്ച നമ്മുടെ പഴയ വേനലവധികാലം മാത്രമാണ്! കുറച്ചും കൂടി കട്ടിയായി പറഞ്ഞാൽ യു.പി സ്കൂൾ കാലത്തെ ആ മൂ-രണ്ടു ആറു മാസത്തെ വേനലവധികാലം മാത്രം! അത്ര മാത്രം!
ഓർമയുണ്ടോ - പൂമ്പാറ്റയും, ബാലരമയും, അമർചിത്രകഥകളും രാവും പകലും കറുമുറേ കഴിച്ചു "വിശപ്പ"ടക്കിയിരുന്ന ആ കാലം!
"വിശപ്പ്" മാറിയില്ലെങ്കിൽ മാൻഡ്രേക്കിനെയും, ഫാൻറ്റത്തേയും, അമ്പിളിഅമ്മാവനെ പോലും അപ്പാടെ വിഴുങ്ങിയിരുന്ന ആ കാലം!
ഒരേ സമയം രാജുവും, രാധയും, മായാവിയും, ലുട്ടാപ്പിയും, ദൊപയ്യയും, കപീഷും, ശിക്കാരി ശംഭുവും, ഡിങ്കനും, കാലിയയും, ശുപ്പാണ്ടിയുമെല്ലാമെല്ലാമായി പകർന്നാടിയിരുന്ന കാലം!
ഒട്ടിയ വയറും, കീറ ട്രൗസറും, പ്രകൃതിയോടുള്ള വികൃതിയിൽ കിട്ടിയ കുട്ടിപരിക്കുകളുമായി കളിച്ചു ചിരിച്ചു നടന്ന കാലം.
മണ്ണിലെ കുഴിയാനയും, വിണ്ണിലെ നക്ഷത്രങ്ങളും, കുളത്തിലെ മീനും, മരത്തിലെ കുയിലും, പൂന്തോപ്പിലെ പൂമ്പാറ്റയും എന്തിനേറെ ഈ പ്രകൃതിയിൽ കാണുന്നതെല്ലാം "ഞാൻ" തന്നെയെന്ന് അനുഭവിച്ചറിഞ്ഞിരുന്ന കാലം!
"ഞാൻ" എല്ലാമായിരുന്ന കാലം,
എല്ലാം "ഞാനാ"യിരുന്ന കാലം!
അഥവാ - "ഞാൻ" എന്നൊന്നില്ലാതിരുന്ന കാലം!!
അതായിരുന്നു ജീവിതം! ആ ഒരരകൊല്ലം മാത്രമായിരുന്നു യഥാർത്ഥ ജീവിതം!
അതിനു മുന്നും, അതിനിടയിലും, അതിനു ശേഷവും, ഇപ്പോഴീ കാണുന്ന കോട്ടും, സൂട്ടും, ബൂട്ടും, കുടവയറിന് കുറുകെ ബെൽറ്റും ഇട്ടു മേനി നടിച്ച് നടക്കുന്നതും, ഇനി വരാനിരിക്കുന്നുവെന്നു നാം കരുതുന്ന ജീവിതമെന്നു പറയുന്ന എല്ലാമെല്ലാം വെറും ഭോഷ്ക്കാണ്! ശുദ്ധ ഭോഷ്ക്ക്!"
ജീവിതയാത്രയിൽ അര നൂറ്റാണ്ടിൻറെ വക്കിലെത്തി നിൽക്കുന്ന എൻ്റെ അടുക്കൽ "വീട്ടുമുറ്റത്തെ ശാസ്ത്രം" പ്രകൃതിയുടെ സങ്കല്പം പോലെ വന്നത് ആ ജീവിത നിർവചനം "ശാസ്ത്രീയമായി" ഞാൻ വീണ്ടും ഒന്നനുഭവിച്ചാസ്വദിച്ചു കൊള്ളട്ടെ എന്നു കരുതിയാവും! അപ്പുവും, അമ്പിളിയും, ഗീതയും വന്നത് ആ നിർവചനത്തിൽ ലവലേശം പോലും മാറ്റമോ, കോട്ടമോ, ഇളക്കമോ, രൂപാന്തരമോ, പരിവർത്തമോ വന്നിട്ടില്ലെന്ന് വീണ്ടും സ്ഥാപിക്കാനുമാവും! രണ്ടാണെങ്കിലും ഗതകാലആനന്ദസ്മരണകൾ നുകർന്ന് തന്ന് പുനർജ്ജനിയായി എന്നിൽ ഒഴുകിയെത്തി തഴുകിയനുഗ്രഹിച്ച "വീട്ടുമുറ്റത്തെ ശാസ്ത്ര" ത്തിനു ഒരായിരം കൂപ്പുകൈ!
No comments:
Post a Comment