തൃശ്ശിവപേരൂരിൽ തേരാ-പാരാ

പുലർച്ചെ വീട്ടിൽ നിന്നും ഒരു കാലിചായയും കുടിച്ച് പുറപ്പെട്ടതാണ്. ദിവസം മുഴുവൻ തേരാ-പാരാ കറങ്ങി നടക്കുക, അതാണ് അജണ്ട. അല്ല. അതുമാത്രമാണ്‌ അജണ്ട !

ഇരിഞ്ഞാലക്കുട വരെ ഇരുചക്ര ശകടത്തിൽ. അവിടെ, കൂടൽമാണിക്യം ഉത്സവമാണേ - പതിനേഴ് ആനകൾ, കുട്ടേട്ടൻറെ പഞ്ചാരി. പാൽ പായസവും, പപ്പടവും കൂട്ടി പ്രസാദ ഊട്ട് ! തുടക്കം തന്നെ ഭേഷ്! ശേഷം തൃശ്ശൂർക്ക് ബസ്സ് കയറി. ഒന്ന് മയങ്ങി. റൗണ്ടിൽ എത്തിയപ്പോ, നേരം ഉച്ച കഴിഞ്ഞിരുന്നു.

അപ്പോഴതാ കാർമേഘം നിറഞ്ഞ മാനത്തു നിന്നും ഇടി മുഴക്കം. മഴക്കോളാണോ? അല്ലപ്പാ ! ഇത് പൂരത്തിൻറെ വെടികെട്ടാണെ! ഈ നട്ടുച്ചയ്‌ക്കോ? മന്ത്രിപുംഗവൻ കല്പിച്ചാൽ നട്ടുച്ചയ്ക്കും ഞങ്ങൾ പൂത്തിരി കത്തിക്കും. അങ്ങനെ ആകാശത്തതാ വർണ്ണങ്ങൾ (ഇവിടെ കുറച്ചു മനോധർമ്മം വെച്ച് അഡ്ജസ്റ്റ് ചെയ്യണേ) വാരിവിതറി അമിട്ടുകൾ പൊട്ടിവിടരുന്നു! തല തിരിഞ്ഞ ഈ ചരിത്രസംഭവത്തിന് സാക്ഷ്യം വഹിച്ചതിന്റെ ഒരു ചാരിതാർഥ്യം!

പക്ഷെ മഴയ്ക്കത്ര ചാരിതാർഥ്യം തോന്നിയില്ലെന്നു തോന്നുന്നു. മാനത്ത് അമിട്ട് പൊട്ടുന്നതും നോക്കി നിന്നവരുടെ മണ്ടയിൽ അവനങ്ങു തിമിർത്തു പെയ്തു തുടങ്ങി. മിഥിലയിൽ കയറി ഒരു ചായ കുടിച്ചു വന്നിട്ടും മഴയുടെ അരിശത്തിനു ലേശം പോലും അറുതിയില്ല. ഇത് കട്ടനടിച്ചു നോക്കി ഇരിക്കാൻ ജോൺസൻ മാഷിന്റെ മഴയല്ല ഗഡി! ഇനി രക്ഷയില്ല! പൂരം എക്സിബിഷൻ തന്നെ ശരണം.

മുപ്പതു രൂപ കൊടുത്തു - രണ്ടു മണിക്കൂർ നടക്കാൻ !  കത്തി, കോടാലി, കോട്ടൺ സാരി മുതൽ കോളാമ്പി വരെ ഒരു കുടകീഴിൽ! ജാഗ്രത, കരുതൽ - മലയാളികൾക്ക് സുപരിചിതമായ ഈ രണ്ടു ജാർഗൺസ് ഉണ്ടേൽ പോക്കറ്റ് കാലിയാവാതെ പുറത്തെത്താം! പുറത്തപ്പോഴുമപ്പാ മഴക്കോള് തന്നെ ! ബൈ-ദ-ബൈ, മണിയൻചാവാറായി ! ഭാരത് കാത്തിരിക്കുന്നു. ചായയും, മസാല ദോശയും! ആ പതിവ് തെറ്റിച്ചില്ല. 

ഇനിയെങ്ങോട്ട് ? പൂരപ്പറമ്പ് കറങ്ങി കഴിഞ്ഞില്ലേ, ഇനി പൂങ്കുന്നത്തേക്ക്. പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ ഹിന്ദുസ്ഥാനി കച്ചേരി ഉണ്ടേ. അമ്പടാ, എന്നാൽ അങ്ങോട്ടേക്ക് തന്നെ! വയലിൻത്രയം - അതും ഉത്തരേന്ത്യയിൽ പയറ്റിതെളിഞ്ഞവർ! ശ്യാം കല്യാൺ, ദേശ്, ഹംസധ്വനി, ഭൈരവി (ഇതൊക്കെ അവർ പറഞ്ഞ കാരണം അറിഞ്ഞതാണേ!) പിന്നെ പേരറിയാത്ത പലവിധ രാഗങ്ങൾ ആ കലാകാരികളുടെ വിരൽത്തുമ്പുകളിൽ അനായാസേന നൃത്തം വെക്കുന്നു. എങ്ങും ബലേ ബേഷ് വിളികൾ! സ്വര-രാഗ-താളങ്ങളുടെ തീ പാറുന്ന മാർച്ച്-പാസ്റ്റിൽ മഴയ്ക്ക്‌ പോലും നിക്കക്കള്ളിയില്ലാതായി. മഴയും, കച്ചേരിയും ഒരുമിച്ചു തോർന്നിറങ്ങിയ പുറകെ അവിടെ തൈര്സാദം വിതരണം തുടങ്ങി. (വീട്ടിലാണെങ്കിൽ പുച്ചിച്ചു തള്ളുമായിരുന്ന) ചെറു ചൂടോടു കൂടിയ തൈര്സാദവും, പരിപ്പ് തോരനും മഴയത്ത് തേരാ-പാരാ അലഞ്ഞു തേഞ്ഞ എന്നിൽ അമൃതേത്തായി അലിഞ്ഞിറങ്ങി എന്ന് പറയേണ്ടതില്ലല്ലോ!

സമയം രാത്രി ഒമ്പത് - എങ്കിലും, തൃശ്ശൂരെത്തിയാൽ വിളിച്ചാൽ വിളിപ്പുറത്തുള്ള സുഹൃത്തുക്കളെ കാണാതിരിക്കാൻ സാധിക്കില്ല. പുറത്തിറങ്ങിയതും ചങ്ങാതി അതാ മുന്നിൽ! പത്തു മിനിറ്റ് സംസാരിച്ചു. ശേഷം എന്നെ ഒരു ഓട്ടോയിൽ കയറ്റി  - തൃശ്ശൂർ കെ.എസ്.ആർ.ട്ടി.സി സ്റ്റാൻഡിലോട്ട്.

ബസ് സ്റ്റാൻഡ് ആണെങ്കിലും ബസ്സ് നോക്കിയും, കാത്തും അങ്ങനെ നിക്കാം എന്നല്ലാതെ ബസ്സിൽ യാത്ര ചെയ്യാം എന്ന വ്യാമോഹങ്ങളുമായി അങ്ങോട്ടേക്ക് കേറി ചെന്നേക്കരുത് എന്ന് അനുഭവം പണ്ടേ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഞാൻ വീണ്ടും അങ്ങോട്ട് തന്നെ കേറി ചെന്നു.

വെള്ളിയാഴ്ച രാത്രിയായതിനാൽ സ്റ്റാൻഡ് നിറയെ ജനങ്ങൾ (കാത്തു നിൽക്കുന്നു!). മങ്ങികത്തുന്ന  ഹാലൊജൻ വെളിച്ചത്തിൽ ആന വണ്ടികൾ അങ്ങിനെ നിരന്നു നിൽക്കുന്നത് കാണാൻ നല്ല ചേലുണ്ട്. ഉത്സവത്തിനു കണ്ട ഗജവീരൻമാരേ പോലെ. പക്ഷെ ഇതിൽ പലതിനും നെറ്റിപ്പട്ടവും, പാപ്പാന്മാരും (ഡ്രൈവർ, കണ്ടക്ടർ) ഇല്ലായെ! ഒന്ന് രണ്ടെണ്ണത്തിലാണെങ്കിൽ അറവുമാടുകളെ പോലെ മനുഷ്യശരീരങ്ങൾ തിങ്ങിനിറഞ്ഞു തൂങ്ങി നിൽക്കുന്നു. അങ്ങിങ്ങായി കെട്ടി കിടക്കുന്ന മഴവെള്ളത്തിൽ എപ്പോഴെങ്കിലും വീടെത്താമെന്ന പ്രതീക്ഷയോടെ കുടയും ചൂടി നിൽക്കുന്നവരുടെ പ്രതിബിംബങ്ങൾ ഉടഞ്ഞു മാഞ്ഞു പോകുന്നു. അന്തരീക്ഷമാകെ ബസ് സ്റ്റാൻഡിൽ എത്തുന്നവരെ മദിപ്പിക്കുന്ന (ഉന്മാദിപ്പിക്കുന്ന!) അനാമകമായ വാതകത്തിൻറെ മനംപിരട്ടുന്ന ഗന്ധം (മാസ്കിൻറെ മഹത്വം അറിഞ്ഞ നിമിഷം!). കാത്തിരിപ്പ് ബെഞ്ചുകളിലെല്ലാം നിര്‍ജ്ജീവമായ അസ്ഥിപഞ്ചരങ്ങൾ. അടുത്തുള്ള കാത്തിരിപ്പ് അറയിൽ ക്ഷീണിച്ചു അവശരായ സ്ത്രീകളും, കുട്ടികളും അവർക്കായി ആനവണ്ടി വരുമെന്ന കിനാവും കണ്ടു ഉറക്കച്ചവടിൽ കൊഴിഞ്ഞിരിക്കുന്നു. മൊത്തത്തിൽ സാൽവദോർ ഡാലിയുടെ സർറിയലിസ്റ്റ്  കലാസൃഷ്‌ടി (ദി പെർസിസ്റ്റൻസ് ഓഫ് മെമ്മറി?) നേരിട്ടിറങ്ങി വന്ന അനുഭൂതി!

ഇതെല്ലാം കണ്ടു കടന്നു തിക്കിത്തിരക്കി ഞാൻ "അന്വേഷണങ്ങൾ" എന്ന ബോർഡ് തൂക്കിയിട്ട കൂടിനടുത്തെത്തി. ആ കൂടിനകത്ത് രാത്രിയുടെ ആലസ്യത്തിൽ വിശ്രാന്തിയിലോട്ട് കാലും നീട്ടി ഇരിക്കുന്ന ഉദ്യോഗസ്ഥർ. കൂടിനു പുറത്താണെങ്കിൽ അന്തമില്ലാത്ത (കുന്തവും ഇല്ല ഹേ!) കാത്തിരിപ്പിൻറെ അസ്വസ്ഥതയിൽ അരിശം മൂത്തു നിൽക്കുന്ന ആൾകൂട്ടത്തിന്റെ ആക്രോശങ്ങൾ !

തൊടുപുഴക്ക് എപ്പോഴാ വണ്ടി?
രാത്രി പന്ത്രണ്ടിന്..
പാലക്കാട്ടേക്ക് വണ്ടി ഉണ്ടോ?
ഉണ്ട്, എപ്പോ എത്തും എന്നറിയില്ലാ!
പെരുമ്പാവൂർക്കോ?
വരേണ്ട സമയം കഴിഞ്ഞു.

അങ്ങനെ അസ്വസ്ഥചിത്തരായ യാത്രക്കാരുടെ ചോദ്യങ്ങൾക്ക് അചേതനവും, അപ്രായോഗികവും, അയുക്തവുമായ ഉത്തരങ്ങൾ ആ കൂട്ടിൽ നിന്നും നിർഗളം പ്രവഹിച്ചു കൊണ്ടിരുന്നു! ഇടയിൽ കയറി ഞാനും ചോദിച്ചു -

ഇരിഞ്ഞാലക്കുടയ്ക്ക് വണ്ടി ഉണ്ടോ?
പതിനൊന്നിന് എത്തുമായിരിക്കും !
ഓ ! എനിക്കും കിട്ടി എനിക്കുള്ളത്. സമാധാനമായി!

ഇനി ഇവിടെ കാത്തിരുന്നു കാര്യമില്ല. നിസ്സഹായനായി ഈ ദുരിതം കണ്ടുനിൽക്കാമെന്നല്ലാതെ! സർറിയലിസം ഒലിഞ്ഞൊഴുകുന്ന ആ ആലയത്തിൽ നിന്നും ഞാൻ എൻറെ തേരാ-പാരാ റിയലിസം അന്വേഷിച്ചു പതിയെ പുറത്തിറങ്ങി. ഒരു സഹൃദയൻറെ മുച്ചക്ര ശകടത്തിൽ ഇരിഞ്ഞാലക്കുട വരെ എത്തി. അവിടുന്ന് 
എൻറെ  ഇരുചക്ര ശകടമെടുത്ത് രാത്രിയുടെ അന്ധകാരത്തിലോട്ട് അലിഞ്ഞിറങ്ങി. പോരുന്ന വഴി, അങ്ങകലെ പരന്നു കിടക്കുന്ന ചക്രവാളത്തിലെങ്ങോ ഒളിഞ്ഞിരുന്നു എന്നെ പിഴിഞ്ഞെടുത്ത് ഉണക്കാനിട്ട "ആ ഗഡി" യോടായി ഞാൻ പറഞ്ഞു - ഹാ !ചാമ്പിക്കോ !

കൂടൽമാണിക്യം ഉത്സവകാഴ്ച - 1

കൂടൽമാണിക്യം ഉത്സവകാഴ്ച - 2

വയലിൻത്രയം - സംഗീത ശങ്കർ, രാഗിണി ശങ്കർ, നന്ദിനി ശങ്കർ 

***

No comments:

Post a Comment