വീണ്ടുമൊരു പരിസ്ഥിതി ദിനം !

നോവുന്ന പരിസ്ഥിതി ദിനം

ഉറക്കത്തിൻറെ കാണാക്കയത്തിലായിട്ടും ഒരു സ്ഫോടനം പോലെ ഭൂമിയിലേക്കു പതിച്ച ആ ഇടിവെട്ടിൻറെ കുലുക്കത്തിൽ ഞാൻ ഞെട്ടിവിറച്ചുണർന്നു. മണി മൂന്ന്. പുറത്തു മഴ കോരിചൊരിയുന്നു. ഇടവപെയ്തിൽ പതിവില്ലാത്ത ഈ ഇടിനാദം എവിടുന്നു വന്നോ ആവോ?! എന്നാലോ, പകലായാൽ ഇടിവെട്ട് പോയിട്ട് മഴക്കാറ് പോലും കാണാനില്ല. മനുഷ്യൻറെ ചെപ്പടിവിദ്യകൾ മഴയും പഠിച്ചെടുത്തോ? ഞാൻ വീണ്ടുമൊന്നു മയങ്ങിതുടങ്ങിയപ്പോഴേക്കും പിന്നെയുമൊരു ഇടി വെട്ടി. ഇപ്രാവശ്യം ഭൂമികുലുക്കം പോലെയാണ് അതെനിക്ക് അനുഭവപ്പെട്ടത്. ഭയന്നുവിറച്ച ഞാൻ തലയണയെടുത്ത് ചെവിപൊത്തി കിടന്നു. എന്നിട്ടും എൻ്റെ നെഞ്ചിലെ കിടുകിടുപ്പ് ലേശം പോലും അയഞ്ഞില്ല. യുക്രൈനിൽ നിന്നാണോ ഇപ്രാവശ്യം ഇടവപാതി ഇങ്ങോട്ടെഴുന്നള്ളിയത്?! പുറത്തു വീണ്ടും വീണ്ടും ഇടി വെട്ടുന്ന മുഴക്കം. എൻ്റെ ഉറക്കം തീരുമാനമായി. ഓ ! ഇന്നാണല്ലോ ജൂൺ 5, ലോക പരിസ്ഥിതി ദിനം, ഞായറാഴ്ചയും. കൊള്ളാം, വെറുതെയല്ല ഇങ്ങനെ മഴയും, ഇടിയും.

ഇത് മനുഷ്യവർഗ്ഗത്തിനുള്ള ഭൂമിയുടെ മുന്നറിയിപ്പ് തന്നെ! മനുഷ്യൻറെ "പരിചരണത്തിൽ" വീർപ്പുമുട്ടിയ പ്രകൃതിയുടെ അലർച്ച! പരിസ്ഥിതി ദിനമെന്നും പറഞ്ഞ് പതിനായിരം (ചതി)കുഴിയും കുത്തി സെൽഫിക്ക് വേണ്ടി ചെടിയും തൊട്ട് പോസ്സും പോസ്റ്റും ചെയ്‌താൽപിന്നെ തിരിഞ്ഞുപോലും നോക്കാതെ പൊടിയും തട്ടി കടന്നു കളയുന്ന കാപട്യത്തിൻറെ ആശാന്മാരായ മനുഷ്യകുലത്തിനുള്ള താക്കീത് പുറത്തൊരശരീരിയായി മുഴങ്ങുന്നു!  

"അടുത്ത പരിസ്ഥിതിദിനമാവുമ്പോഴേക്കും നട്ടതിലും കൂടുതൽ നീ വെട്ടും, കുഴിച്ചതിലും, കിളച്ചതിലും കൂടുതൽ നീ മാന്തും, പിച്ചി-ചീന്തും, മാലിന്യമിട്ട് മൂടും, പുകച്ച് എൻ്റെ ശ്വാസം മുട്ടിക്കും, എന്നിട്ട് ഒന്നുമറിഞ്ഞിട്ടിലാത്തവനെ പോലെ വീണ്ടും വരും - ഹാ! എന്നെ രക്ഷിപ്പാനെന്നും പറഞ്ഞ്! 

എടാ മനുഷ്യാ ! നീ എന്തറിഞ്ഞു? നീ കണ്ടതിലും എത്രയോ ഞാൻ കണ്ടു. എൻ്റെ നെഞ്ചിൽ വിജയകൊടി പാറിക്കുമെന്നു പറഞ്ഞിറങ്ങിയ നിൻറെ അപ്പൂപ്പൻറെ അപ്പൂപ്പൻ വരെ കരിഞ്ഞമർന്ന് പുഴുവായ്, കാണാകീടമായ്, വെണ്ണീറായ് എന്നിൽ കിടന്നലയുന്നു, എന്നിട്ടും, പമ്പരവിഡ്ഢിയായ നീ കരുതുന്നു നീ എന്നെ രക്ഷിക്കുമെന്ന്! വേണമെങ്കിൽ നീ സ്വയം രക്ഷപ്പെടാൻ നോക്ക്! എൻ്റെ രൂക്ഷരോഷത്തിൽ നിന്നും! നിൻറെ സർവ്വനാശത്തിൽ നിന്നും!"

പുറത്തെ പെരുമഴയിൽ അടുത്ത ഇടിവെട്ടുന്നതും പ്രതീക്ഷിച്ച്, കണ്ണുകൾ ഇറുക്കിയടച്ച് പുതപ്പിനുള്ളിൽ ഞാൻ ചുരുണ്ടമർന്നു.

 ***

No comments:

Post a Comment