ഡിങ്കന്‍



കോട്ടയത്തേക്കുള്ള യാത്രാ മധ്യേ പാതി മയക്കത്തിലാണ് ഞാന്‍ ആ കാഴ്ച കണ്ടത്. നൊടിയിടയില്‍ ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി – കണ്ടത് സത്യമാണോ എന്ന് ഉറപ്പു വരുത്തുവാന്‍. എന്നിക്ക് തെറ്റിയില്ല. അതെ, അത് അദ്ദേഹം തന്നെ. നമ്മുടെ ധീരനില്‍ ധീരനായ ഡിങ്കന്‍! അദ്ദേഹം അതാ കുറ്റികാട്ടില്‍ ധ്യാനനിമഗ്നനായി 'ഡിങ്കാസനത്തില്‍' ഉപവിഷ്ടനായിരിക്കുന്നു. 
  
1980-കളിലാണ്എല്ലാ വെള്ളിയാഴ്ചയും സ്കൂള്‍ കഴിഞ്ഞു എത്തിയാൽബാലമംഗളത്തിലെ ഡിങ്കന്‍റെ പുതിയ സാഹസിക കഥ വായിക്കുവാനുള്ള തിരക്കാണ്. ബാലമംഗളം എന്ന നമ്മുടെ 'കുട്ടി ലോകത്തിന്‍റെ' രക്ഷകന്‍ ഡിങ്കനാണു.  ചിലപ്പോൾ ഡിങ്കന്‍റെ പുതിയ വീര കഥ ഒറ്റ ശ്വാസത്തില്‍ വായിച്ച് തീര്‍ക്കും. മറ്റു ചിലപ്പോൾ എല്ലാ കഥകളും വായിച്ചു കഴിഞ്ഞ് അവസാനമേ ഡിങ്കന്‍റെ കഥ വായിക്കൂ – മനസ്സില്‍ നിന്നും ആ രുചി മായാതിരികാന്‍. കേരളത്തില്‍ 80-കളില്‍ ജനിച്ചവരാരും ഡിങ്കനെ അറിയാത്തവരായി ഉണ്ടാവില്ല. അറിഞ്ഞാല്‍ മറന്നവരായും.

പിന്നീടെപ്പോഴോ മനസ്സില്‍ നിന്നും കുട്ടിത്തം മാഞ്ഞു തുടങ്ങിയപ്പോള്‍ കൂടെ ഡിങ്കനും മനസ്സില്‍ നിന്നും ഇറങ്ങി. ഇന്നിതാ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള അവിചാരിതമായ കണ്ടു മുട്ടല്‍.

"ഞാന്‍ ഇവിടെ തന്നെ ഉണ്ട്. എന്നും ഇതിലൂടെ കുട്ടികള്‍ പോകുമ്പോള്‍ ഞാന്‍ അവരെ നോക്കും. പക്ഷെ അവര്‍ക്കാര്‍ക്കും എന്നെ പരിചയമില്ല. “ഡിങ്കാ...” എന്നു  ഇപ്പോഴെന്നെ ആരും വിളിക്കാറില്ലെങ്കിലും ഞാന്‍ അവര്‍ സുരക്ഷിതരാണല്ലോ എന്നു ഉറപ്പു വരുത്താറുണ്ട്. പിന്നെ അവര്‍ക്കൊക്കെ കൂട്ടായി ഇപ്പോൾ മൊബൈലും, കമ്പ്യൂട്ടറും ഒക്കെ ഉണ്ടലോ...ഞാന്‍ ഇവിടെ എത്ര നാൾ ഉണ്ടാവും എന്നറിയില്ല. ഈ കുറ്റികാട് വെട്ടി പുതിയ ചായവും കൊണ്ട് ആരെങ്കിലും വരുമ്പോൾ ഞാന്‍ ഇവിടെ നിന്നും പോകും. എങ്കിലും “ഡിങ്കാ...” എന്ന് ആത്മാർഥമായി ആരു  വിളിച്ചാലും ഞാന്‍ അവർക്കായി ഓടി എത്തും......" 

ഞാന്‍ വീണ്ടും ബസ്സ് കയറി. ബസ്സ്‌ നീങ്ങി തുടങ്ങിയപ്പോൾ ഞാന്‍ തിരിഞ്ഞു നോക്കി. ഡിങ്കന്‍ അപ്പോഴും എന്നെ നോക്കി നിൽക്കുകയായിരുന്നു. ഞാന്‍ സുരക്ഷിതനാണല്ലോ എന്ന് ഉറപ്പിച്ചു കൊണ്ട്......!!!

No comments:

Post a Comment