വോസീഞ്ഞ


15 ജൂൺ 2026, ഇന്ത്യൻ സമയം രാത്രി 9:30

"കിടന്നാലോ? ...."

"അതേയ്, ഈ ലോകകപ്പിലെ സ്പെയിന്റെ ആദ്യ മത്സരമാ... വേണമെങ്കിൽ കുറച്ചു നേരം ഇരുന്നു കണ്ടോ...കാൽപന്തിൽ ടിക്കി-ടാക്ക മായാജാലം കാണാം..നിറയെ ഗോളുകളും!"

"ആരുമായിട്ടാ മത്സരം ? "

"ഏതോ പുതിയ ആഫ്രിക്കൻ രാജ്യമാ.....കാബോ ..എന്തൊവാ..."

"കാബോ വെർദെ..."  - കൂടെയിരുന്ന ജെൻ-സി ഫുട്ബോൾ ജ്ഞാനികൾ ഉത്തരം തന്നു.

അല്ലെങ്കിലും തോൽക്കേണ്ടവരുടെ പേര് ആരും ഓർത്തുവെക്കാറില്ലല്ലോ !

അങ്ങനെ ഞങ്ങൾ നാലഞ്ചു പേർ കളി കാണാൻ ഇരുന്നു. ഫിഫ റാങ്കിൽ രണ്ടാം സ്ഥാനക്കാരായ സ്പെയിൻ. ലോകകപ്പിൽ തങ്ങളുടെ ആദ്യത്തെ മത്സരം കളിക്കുന്ന കുഞ്ഞന്മാർ - കാബോ വെർദെ

വിസിൽ മുഴങ്ങി. മത്സരം തുടങ്ങി. മിനുട്ടുകൾ കഴിഞ്ഞു. പ്രതീക്ഷിച്ചതായ ഒന്നും തന്നെ സംഭവിക്കുന്നില്ല! ഓയിൽ ഇല്ലാത്ത വണ്ടി പോലെ സ്പെയിൻ - പെഡ്രി, റോഡ്രി, ഗാവി, ടോറസ് അങ്ങനെ മഹാകായന്മാർ ശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട് ആവുന്നില്ല!

"ഒരു രസവുമില്ലലോ, കിടന്നാലോ?" - വീണ്ടും ചോദ്യം വന്നു 

"പത്ത് മിനിട്ട് കൂടി നോക്കാം. സ്പെയിന്റെ ഒരു ഗോൾ കണ്ടിട്ട് പോകാം..."

കാബോ വെർദെയുടെ ഗോൾ ബോക്സിൽ തന്നെയാണ് സ്പെയിൻ കളിക്കാർ മൊത്തം. 

പ്രതിരോധം ഒന്ന് പാളിയാൽ മതി. ഗോൾ ഉറപ്പ്. 

അതിനിടെ പതിനഞ്ചാം മിനിറ്റിൽ പ്രതിരോധം ഭേദിച്ച് പെഡ്രിയുടെ ഒരു ഗ്രൗണ്ട് ഷോട്ട്. 

പക്ഷെ അത് ഗോൾ വലയുടെ ഇപ്പുറം വെച്ച് രണ്ടു കരങ്ങൾ പുണർന്നെടുത്തു! 

മുപ്പത്തഞ്ചാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്ന് പെഡ്രിയുടെ മറ്റൊരു തകർപ്പൻ പവർ ഷോട്ട്. 

ഇപ്രാവശ്യം ആ രണ്ടു കരങ്ങൾ ഉയർന്നു പൊങ്ങി.  

ബോൾ വിരലുകളിൽ തട്ടി പുറത്തേക്ക്. 

സ്പെയിൻ ആക്രമണം തുടർന്നു. 

നാല്പതാം മിനിറ്റിൽ പോസ്റ്റിൽ തട്ടി വന്ന ബോൾ ഒയർസബാൽ കൃത്യമായി ഹെഡ് ചെയ്തു. 

ഞങ്ങൾ ഗോൾ എന്നുറപ്പിച്ചു. 

പക്ഷെ.  വീണ്ടും. 

പുറകോട്ടൊങ്ങി ഉയർന്നു ചാടി ആ മിന്നും കരങ്ങൾ വിരൽത്തുമ്പുകൾ കൊണ്ട് ആ ബോൾ ക്രോസ്സ്ബാറിനു  മുകളിലേക്ക് തട്ടി മാറ്റി. 

കളി കണ്ടിരുന്ന ഞങ്ങൾ എല്ലാവരും ശരിക്കും അമ്പരന്നു! 

ആരാണപ്പാ ഇയാൾ? 

ചുരുളൻ മുടി, കഠിനാദ്ധ്വാനത്തിന്റെ ചുളിവുകൾ നിറഞ്ഞ മുഖം. വലിയ നാടകീയത ഒന്നുമില്ലാത്ത കുരുത്ത മെലിഞ്ഞ മനുഷ്യൻ!

ആലോചിക്കാൻ സ്പെയിൻ സമയം തന്നില്ല.

നാല്പത്തഞ്ചാം മിനിറ്റിൽ ടോറസ് ശക്തമായ ഒരു ഇടങ്കാലൻ ഷോട്ട് പോസ്റ്റിലോട്ട് തൊടുത്തു. 

അതെ. സംഭവിച്ചു കൊണ്ടിരുന്നത് തന്നെ വീണ്ടും സംഭവിച്ചു. 

ദൃഢമായ ആ കരങ്ങൾ അതും ഭദ്രമായി പുണർന്ന് നെഞ്ചോട് ചേർത്തു!

ഹാഫ്-ടൈം - 0-0.

സത്യത്തിൽ ഞങ്ങൾക്കാർക്കും അവിടെ നിർത്തി പോകാൻ തോന്നിയില്ല. 

സ്പെയിന്റെ കളി കാണാനിരുന്ന ഞങ്ങൾ പൊടുന്നനെ മലപ്പുറം ജില്ലയുടെ ജനസംഖ്യയുടെ എട്ടിലൊന്ന് പോലുമില്ലാത്ത കാബോ വെർദെയുടെ പ്രതിരോധം കാണാനുള്ള ആവേശത്തിലായി!

രണ്ടാം പകുതി.

സ്പെയിൻ അവരുടെ ആക്രമണം കൂട്ടം കൂട്ടമായി തുടർന്നു. 

ഈ കുഞ്ഞൻ എതിരാളിക്കെതിരെ ആവശ്യമില്ലെന്ന് കരുതി റിസേർവ് വെച്ച സൂപ്പർ താരം യാസിൻ യമാലിനെയും സ്പെയിൻ ഇറക്കി. 

പക്ഷെ കൂട്ടമായി തന്നെ കാബോ വെർദെ എല്ലാത്തിനെയും പ്രതിരോധിച്ചു. 

പ്രതിരോധം തകർത്തു വന്ന ഷോട്ടുകളെല്ലാം അവരുടെ മാലാഖയുടെ കരങ്ങൾ കുസൃതി നിറഞ്ഞ ലാഘവത്തോടെ തടഞ്ഞു കൊണ്ടേയിരുന്നു! 

ഫൈനൽ വിസിൽ . സ്‌കോർ 0-0. 

ആവേശഭരിതമായ ഗോൾ രഹിത (സമമല്ലാത്ത) സമനില. 

ഇതിനു മുമ്പൊരിക്കലും ഗോൾ രഹിത സമനില കണ്ടിട്ട് ഞങ്ങളാരും ഇത്രയും സന്തോഷിച്ചിട്ടില്ല

പക്ഷെ ആ സന്തോഷത്തിനുമപ്പുറം, ലോകത്തെ മുഴുവൻ കാൽപന്തോളം ചുരുക്കി, തൻറെ നെഞ്ചോട് ചേർത്ത്, അഗ്നിപർവ്വതങ്ങൾ നിറഞ്ഞ വെർദെ ദ്വീപുകളുടെ മോർണോ സംഗീതമായി മാറിയ ആ നാല്പതു കഴിഞ്ഞ മനുഷ്യനാണ് ഞങ്ങളുടെയെല്ലാം ഹൃദയം കവർന്നത്! 

ഇനി ഈ ലോകം ഒരിക്കലും മറക്കില്ല ആ മനുഷ്യന്റെ പേര് - ജോസിമാർ ജോസ് എവറോ ഡയാസ്, നമുക്കവനെ അവന്റെ കളിപ്പേരായ "വോസീഞ്ഞ" എന്ന് വിളിക്കാം !


***