![]() |
നോവുന്ന പരിസ്ഥിതി ദിനം |
***
As I drift through my sojourn on earth, these pages canvas the world I see through me - its colours, its emotions, its shadows, its history, its mystery, its knowns, its unknowns as the exploration continues...
![]() |
നോവുന്ന പരിസ്ഥിതി ദിനം |
നവോത്ഥാന കാലഘട്ടത്തിന്റെ കലാശേഷിപ്പുകൾ നിറഞ്ഞ യൂറോപ്യൻ ഭൂഖണ്ഡം - (ഇന്ത്യക്ക് പുറമേ) ജീവിതത്തിൽ എപ്പോഴെങ്കിലുമായി ഒന്ന് സന്ദർശിക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് ഭൂമിയിലെ ഈ ഭൂപ്രദേശങ്ങൾ മാത്രം!
യൂറോപ്യൻ ജീവിത ശൈലിയുടെയും, ഇന്ത്യൻ ആധ്യാത്മിക ചിന്താധാരകളുടെയും കോംബോ ഒരു "കിടിലൻ കോക്ക് ടെയിൽ" അല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് - ഒരു പക്ഷെ യാഥാര്‍ത്ഥ്യ ബോധമില്ലാത്ത എൻ്റെ കാല്പനിക ചിന്തകളുടെ ഒരു ഉട്ടോപ്യൻ ചിത്രം !
എന്തൊക്കെയായാലും, ഞാൻ യൂറോപ്പിലോട്ട് പോയിട്ടും ഇല്ല എൻ്റെ മനസ്സിലെ യൂറോപ്യൻ വർണ്ണചിത്രത്തിന്ന് ഒരു കോട്ടം തട്ടീട്ടുമില്ല ! അങ്ങനെ ഇരിക്കെയാണ് മുനിസിപ്പൽ ലൈബ്രറിയിലെ പുസ്‌തകക്കൂട്ടത്തിൽ നിന്നും പൊറ്റെക്കാട്ടിന്റെ യൂറോപ്യൻ യാത്രാ വിവരണം കിട്ടിയത് - "യൂറോപ്പിലൂടെ"! ചില്ലിക്കാശ് ചിലവില്ലാതെ യൂറോപ്പ് സന്ദർശിക്കാൻ കിട്ടിയ അവസരം ഞാൻ കളഞ്ഞില്ല. അതും പൊറ്റെക്കാട്ടിന്റെ കൂടെ!
1950-ൽ എസ്.എസ്. പാച്ചെ എന്ന കപ്പലിൽ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ നിന്നും പുറപ്പെട്ട ആ യാത്ര ഇറ്റലിയിലെ സിസിലി കടലിടുക്കിലൂടെ യൂറോപ്പിലേക്ക് കടക്കുന്നു -
"അന്നു രാത്രി പത്തരമണിക്ക് സിസിലിയിലെ 'ഗസീരിയാ' ദീപസ്തംഭത്തിന്റെ പ്രകാശം ദൂരെ പ്രത്യക്ഷപെട്ടു. യൂറോപ്പിന്റെ വെളിച്ചം ആദ്യമായി കാണുകയാണ്. കുറെ കഴിഞ്ഞപ്പോൾ ഇറ്റലിയുടെയും സിസിലിയുടെയും കടൽതീരപട്ടണങ്ങളിലെ ദീപമാലകൾ തെളിഞ്ഞുകാണാറായി. കടലിടുക്ക് സമീപിക്കുന്തോറും ഇരുകരകളിലേയും ദീപാവലികളുടെ പ്രതിഫലനം കൊണ്ട് സമുദ്രം തുറന്നു വെച്ച ഒരു രത്‌നാഭരണപെട്ടി പോലെ തോന്നിയിരുന്നു" - ഹാ ! പൊറ്റെക്കാട്ടിന്റെ ആ അത്ഭുത വർണ്ണന!
പക്ഷെ യാഥാർഥ്യബോധത്തിന് ഒട്ടും തന്നെ നേർപ്പിക്കാതെ - "ഭൂലോകത്തിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കുന്ന മിക്ക സ്ഥലങ്ങളും അനുഭവം കൊണ്ട് പ്രതീക്ഷയെ വഞ്ചിച്ചെന്നു വരാം....(പലതും) കൃതൃമത്വത്തിന്റെ കാടുകയറി ദയനീയാവസ്ഥയിൽ കിടക്കുന്നു..." എന്നും പൊറ്റെക്കാട്ട് ഓർമിപ്പിക്കുന്നു.
എങ്കിൽ കാപ്രി ദ്വീപിനെ കുറിച്ച് അദ്ദേഹം പറയുന്നു - "കാപ്രി നിങ്ങളുടെ പ്രതീക്ഷയെയല്ല, ഭാവനയെയായിരിക്കും വഞ്ചിക്കുക! - തനി ഉൾനാട്. കാട്ടുപുഷ്‌പങ്ങൾ ഭ്രാന്തെടുത്ത് നിൽക്കുന്ന കുന്നിൻ ചെരിവ്. അവർണനീയമായ വർണ്ണവിലാസം..അരികിലെങ്ങും പുഷ്‌പങ്ങളുടെ കൂത്താട്ടം തന്നെ. നിലത്തും, വേലിപ്പുറത്തും മാത്രമല്ല പാറക്കല്ലുകൾക്കുള്ളിൽ പോലും നിറപ്പകിട്ടുള്ള നറുമലരുകൾ മുഖമുയർത്തിക്കാട്ടുന്നുണ്ടായിരുന്നു"
1800 വർഷം മുമ്പ് ലാവാ പ്രവാഹത്തിൽ വാർത്തെടുത്ത പോംപി നഗരത്തെ കണ്ടശേഷം "പ്രതിമകളും, പള്ളികളും, പുരാതനപ്രഭാവങ്ങളുടെ ശ്മശാനരംഗങ്ങളും ക്രിസ്തീയപൗരോഹിത്യത്തിന്റെ കൂത്താട്ടവും ഉൾകൊള്ളുന്ന പ്രവിശാലമായ റോമാനഗരി " യിലേക്ക് യാത്ര എത്തുന്നു.
പൊറ്റെക്കാട്ടിന്റെ റോം വർണ്ണന - "അറ്റം കാണാത്ത വീഥികളും, നടക്കാവുകളും എങ്ങോട്ട് തിരിഞ്ഞാലും പ്രതിമകളും പൂക്കളും പാതിരിമാരും തന്നെ...പുഷ്‌പങ്ങളും, ഗാനങ്ങളും, വീഞ്ഞും മതഭക്തിയും ഇറ്റലിയിലെ സാധാരണക്കാരൻറെ ജീവിതഘടകങ്ങളാണ്...ഒരു മാസം മുഴുവൻ ചുറ്റിനടന്നാൽ പോലും റോമിലെ കാഴ്ച്ചകൾ കണ്ടു തീർക്കുക സാധ്യമല്ല...റോമിൽ നിങ്ങൾ എവിടെ നടക്കുമ്പോഴും കാണുന്ന സകല പള്ളികളുടെയും ഉള്ളിൽ ഒന്ന് കയറി നോക്കാതെ പോകരുത്. അവയ്ക്കകത്തു കലാപരമായ എന്തെങ്കിലും പുതുമയോ വിശേഷമോ കണ്ടെത്താതിരിക്കയില്ല! പ്രധാനപ്പെട്ട 66 പള്ളികൾ റോമാനഗരത്തിൽ ഉണ്ട് - അവയിൽ പലതിലും ഞാൻ ചിലവഴിച്ച മണിക്കൂറുകൾ അവിസ്മരണീയങ്ങളാണ്...മനസ്സിനു കുളുർമ്മയും, ശാന്തിയും പകർന്നു തരുന്ന കലയുടെ പരിശുദ്ധക്ഷേത്രങ്ങളാണ് അവ ഓരോന്നും!"
യാത്ര റോമിൽ നിന്നും വത്തിക്കാനിലാണ് പിന്നെ എത്തുന്നത് - ഭാരതത്തിൽ മാത്രമല്ല യൂറോപ്പിലും, ആരാധനാമന്ദിരങ്ങൾ ആക്രമിക്കപ്പെടുകയും, കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു എന്ന സത്യം അപ്പോഴാണ് ഞാൻ അറിയുന്നത്. റഫേൽ, ബർണീനി തുടങ്ങിയ വിശ്വകലാകാരന്മാരുടെ മായികസൃഷ്ടികൾ കൊണ്ട് നിറഞ്ഞ വത്തിക്കാനിലെ സെയിൻറ്റ് പീറ്റേഴ്‌സ് ഭദ്രാസനപ്പള്ളിയുടെ വിവരണം എന്നെ കുറേ നേരത്തേയ്ക്ക് ആ അന്തരീക്ഷത്തിൽ തന്നെ പിടിച്ചിരുത്തി ! വത്തിക്കാനിൽ നിന്ന് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ പൊറ്റെക്കാട്ട് പറയുന്നു - "കലാപത്തിന്റെ കളരികളിലേയ്ക്ക് കുതിച്ചോടികൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു വമ്പിച്ച സംഘടിതശക്തിയാണ് മാർപാപ്പായുടെ പ്രജകൾ "
ദാൻന്തെ, ഗലീലിയോ, മൈക്കിൾ ആഞ്ചെലോ, ഡാവിഞ്ചി തുടങ്ങിയ മഹാന്മാർ അനശ്വരമാക്കിയ, ആർണിനദിയാൽ ചുറ്റപ്പെട്ട "കലാപരമായ നവോത്ഥാനത്തിന്റെ കേദാരം" - ആയ ഫ്ലോറെൻസും, 'വൃത്തികെട്ട പട്ടണമായ'' പീസയിലെ ഗോപുരവും കണ്ട ശേഷം അദ്ദേഹം തോടുകളുടെ നഗരമായ വെനീസിൽ എത്തുന്നു - "കാവിടിയുടെ ആകൃതിയിലുള്ള കാൽനടപ്പാലങ്ങളെക്കൊണ്ടു കൂട്ടിയിണക്കിയ അനേകം ചെറുപട്ടണങ്ങളുടെ ഒരു വിചിത്ര സമാഹാരമാണ് വെനീസ്". വെനീസിലെ 'സാന്മാർക്കോ അങ്കണം' ലോകത്തിലെ ഏറ്റവും മനോഹരമായ മണിമുറ്റം എന്നാണ് പൊറ്റെക്കാട്ട് വിശേഷിപ്പിക്കുന്നത്. പക്ഷെ വെനീസിന്റെ സൗന്ദര്യത്തെ കുറച്ച് പൊറ്റെക്കാട്ടിന്നു അത്ര നല്ല അഭിപ്രായമല്ല - "ഇന്ത്യയിലെ കാശ്മീരിനെ കിഴക്കൻ രാജ്യങ്ങളിലെ വെനീസ് എന്ന് വിളിച്ചു വരാറുണ്ടലോ....(പക്ഷെ)...കാശ്മീരിന്റെ പ്രകൃതിസൗന്ദര്യത്തിൻറെ ആയിരത്തിലൊരംശം പോലും വെനീസിനെ അനുഗ്രഹിച്ചിട്ടില്ല...തിരുവിതാങ്കൂറിലെ ചില കായൽപ്രദേശങ്ങൾക്ക് വെനീസിനെക്കാൾ ഭംഗിയുണ്ട്...ഉത്സവം കാണാൻ വന്നവരെ പോലുള്ള കുറേ സന്ദർശകന്മാരും, തിക്കും തിരക്കും, ഇതിൽ കവിഞ്ഞു 'ഒരത്ഭുത'വും വെനീസ്സിലില്ല."
മിലാനിൽ നിന്നും സ്വിറ്റ്‌സർലാന്റിലേക്കുള്ള ട്രെയിൻ യാത്ര 'വായിച്ചു യാത്ര ചെയ്യേണ്ടത് ' തന്നെ. സ്വിറ്റ്‌സർലാൻഡിന്റെ പ്രകൃതിസൗന്ദര്യം മാത്രമല്ല, അവിടുത്തെ ജീവിതരീതിയും, യന്ത്രശാലകളും , സ്വിസ്സ്കുടുംബത്തിൻറെ കൂടെ ചിലവഴിച്ച അനുഭവങ്ങളും വളരേ ഹൃദ്യമായി പൊറ്റെക്കാട്ട് അവതരിപ്പിക്കുന്നു.
പുസ്തകാവസാനം പാരീസിലാണ് പൊറ്റെക്കാട്ട് എത്തുന്നത് - "കലയുടെയും, കാമന്റേയും, പരിഷ്‌കാരവിപ്ലവത്തിന്റെയും, വികൃതവിനോദങ്ങളുടെയും നൃത്തശാലയായ വിചിത്രനഗരി.." എന്ന ആ ഒറ്റ വരിയിൽ തന്നെ പാരീസിനെ പോറ്റെക്കാട്ട് ഒതുക്കിക്കൂട്ടുന്നു - പിന്നീട് വിസ്തരിക്കുന്ന പാരീസിലെ സായാഹ്‌നവും, രാത്രിയും, കഫെയും, കബാരെയും, ഷാംപെയിനും, നൃത്തവുമെല്ലാം ഈ വർണ്ണനയുടെ പ്രതിഫലനങ്ങൾ മാത്രം. ഇതിനിടയിൽ കോൺകോർദ് അങ്കണവും, ലൂവ്ര് മ്യൂസിയവും (വിഖ്യാതമായ വീനസ് ഡി മിലോ പ്രതിമ - 150-125 BC അവിടെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്), ഈഫൽ ഗോപുരവും, നോത്രദാം പള്ളിയും, നെപ്പോളിയൻറെ ശവകുടീരവും, വിക്റ്റർ ഹ്യൂഗോവിന്റെ വീടുമെല്ലാം വന്നു മറയുന്നു.
"നഗരമധ്യത്തിൽ എവിടെനിന്നു നോക്കിയാലും ഒഴിവിലൂടെ ഒരു ഭൂതത്തിന്റെ അസ്ഥിപഞ്ചരം കുത്തി നിർത്തിയ പോലെ ആകാശം മുട്ടി നിൽക്കുന്ന വികൃത ഗോപുരം" - എന്ന് ഈഫൽ ഗോപുരത്തെ വിശേഷിപ്പിക്കാൻ പൊറ്റെക്കാട്ടിനു മാത്രമേ സാധിക്കൂ !
ഒരാഴ്ചത്തെ പാരീസ് വാസം കഴിഞ്ഞു യാത്ര പറയുന്ന പോറ്റെക്കാട്ട് ആ അനുഭൂതിയെ ഇങ്ങനെ ഉപസംഹരിക്കുന്നു - "ദീർഘകാലം ഇണങ്ങി പ്രണയിച്ച ഒരു കാമിനിയോടു വിടവാങ്ങുന്ന മധുരമായ വേദനയോടു കൂടിയാണ് ഞാൻ പാരീസിനെ വിട്ടുപിരിഞ്ഞത്".
അവസാന ഏടു വായിച്ചു തീർന്നപ്പോഴേക്കും ഒന്നു കണ്ടുതീർക്കുവാൻ തന്നെ ഒരുപാട് ജന്മങ്ങൾ വേണ്ടി വരുന്നത്രയും കലാകേദാരങ്ങൾ മനസ്സിൽ നിറഞ്ഞു കവിഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു. പാരീസും, ഷാംപെയിനും ഒരു പരിധി വരെ ആ വീർപ്പുമുട്ടലിനു അയവുവരുത്തിയെങ്കിലും, എൻ്റെ മനസ്സിലെ യൂറോപ്യൻ ക്യാൻവാസ് വളർന്നു വളർന്നു ഒരു വൻ ഗോത്തിക്ക് കലാരൂപമായി മാറിയത് ഞാൻ അറിഞ്ഞു !
***
"പണ്ട് പണ്ട് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെട്ടിരുന്ന ഒരു പ്രദേശമുണ്ടായിരുന്നു! ഒരിക്കൽ ഒരു മാലാഖ അവിടെ ഇറങ്ങി വന്നു. ആ മാലാഖ കവിതകൾ ചൊല്ലി, മരങ്ങൾ നട്ടു, പുഴകളെ പുണർന്നു, മഴയെയും കാടിനേയും സ്നേഹിച്ചു, കൊച്ചു കുട്ടികളെ താലോലിച്ചു, വേദനിക്കുന്ന മനുഷ്യർക്ക് സാന്ത്വനമായ് ഒരുപാട് ഒരുപാട് നാൾ ജീവിച്ചു ..."
ഒരുപക്ഷെ ഇങ്ങനെയാവും സഹ്യൻറെ സ്വന്തം സുഗതകുമാരി ടീച്ചറുടെ ജീവിതം ഭാവിതലമുറകളിൽ വർണ്ണിക്കപ്പെടുക!
ഒരു നിയോഗം പോലെ - കഥയിലും, കവിതയിലും ഒതുങ്ങാതെ - മനുഷ്യൻ ചൂഷണം ചെയ്തു വികൃതമാക്കിയ പ്രകൃതിയ്ക്കായി അധികാരികൾക്കെതിരെ ശബ്ദം ഉയർത്തി സഹ്യൻറെ ആത്മാവിനെ വീണ്ടെടുത്ത ഉൽകൃഷ്ട ജീവിതം! ആ ജീവിതത്തിലെ കൊച്ചു കൊച്ചു നൊമ്പരങ്ങൾ മുതൽ, വലിയ വലിയ അനുഭവങ്ങൾ വരെ പങ്കു വെയ്ക്കുകയാണ് സുഗതകുമാരി ടീച്ചർ തന്റെ "മേഘം വന്നു തൊട്ടപ്പോൾ" എന്ന പുസ്‌തകത്തിലൂടെ. കൂട്ടത്തിൽ, തന്റെ ജീവിതത്തിൽ കണ്ടു മുട്ടിയ, തന്റെ കണ്ണുകളിൽ ഈറനണിയിച്ച പ്രതിഭകളെക്കുറിച്ചും പ്രതിഭാസങ്ങളെക്കുറിച്ചും (ഉസ്താദ് ബിസ്മില്ലാ ഖാൻ മുതൽ കൊച്ചു മേഘം വരെ) സുഗതകുമാരി ടീച്ചർ തന്റെ അനുഭവക്കുറിപ്പുകളിലൂടെ ഓർക്കുന്നു.
ഒരിത്തിരി പ്രകൃതി സ്നേഹം ആത്മാവിലുള്ളവരെ "പ്രകൃതിവാദി" യാക്കുവാൻ ഈ വാക്കുകളും, അനുഭവക്കുറിപ്പുകളും ധാരാളം! - സുഗതകുമാരി ടീച്ചർ തന്നെ പറയുന്നു - "മറ്റു കാര്യങ്ങളിലൊക്കെ തീവ്രവാദം ഇന്ന് പതിവാണ്. 'പരിസ്ഥിതി തീവ്രവാദം' ശക്തമാക്കണമെന്നാണ് എന്റെ പക്ഷം" - തീവ്രസ്വാർത്ഥമനുഷ്യ ജീവികളോട് ഇതിലും കൂടുതലായി ഒന്നും പറയാനില്ല. പറയേണ്ടതും ഇല്ല.
***
കോവിഡ് മാസങ്ങളിലായി (ജൂൺ-ജൂലൈ) ഇക്കൊല്ലം വായിച്ച പുസ്‌തകങ്ങളിൽ രണ്ടെണ്ണം സുഗതകുമാരി ടീച്ചറുടെയായിരുന്നു. മുനിസിപ്പൽ ലൈബ്രറിയിൽ പുസ്‌തകങ്ങൾ തിരഞ്ഞു നടന്നപ്പോൾ ആകസ്മികമായി കൈവന്നത് അവയായിരുന്നു. അമ്മയും, തൃപ്തിയും രണ്ടു പുസ്‌തകങ്ങളും വായിച്ചു. ആ അനുഭവ ജീവിതം ചർച്ച ചെയ്തു - അന്ന് പക്ഷെ ഇങ്ങനെയാവും ഇക്കൊല്ലം അവസാനിക്കുക എന്ന് അറിയാതെ പോലും കരുതിയതല്ല. പ്രകൃതിയെ സ്നേഹിച്ച ആ ആത്മാവ് പ്രകൃതിയിലേക്ക് ലയിക്കും മുമ്പ് പ്രകൃതിയെ അറിയുവാൻ ശ്രമിക്കുന്ന ഈയുള്ളവരോട് ഒരു നിയതി പോലെ സംവദിക്കുകയായിരുന്നോ ?!
(23 - ഡിസംബർ - 2020 - സുഗതകുമാരി യാത്രയായി - കൃഷ്ണരഥമേറി )