ഒരു രസാനുഭവം


ജീവിതം എന്നെ ടെസ്റ്റ് ട്യൂബിൽ ഇട്ട്, മസ്തിഷ്കത്തിലേക്ക് ആസിഡ് ഒഴിച്ചു  എന്തിനോ വേണ്ടി പരീക്ഷിച്ചു കൊണ്ടിരുന്ന ഒരു കാലം. എരിയുന്ന സാഹചര്യങ്ങളുടെ പുകചുരുളുകളിൽപെട്ട്  അർധ ബോധാവസ്ഥയിൽ അലയുകയായിരുന്നു ഞാൻ.


ഓഫീസ് യാത്രയ്ക്കായി സ്ഥിരം കയറാറുള്ള കെ.എസ്.ആർ.ടി.സി എന്നെ കണ്ടപ്പോൾ തന്നെ മുന്നിൽ നിർത്തി തന്നു. തിരക്കുള്ള ദിവസമായിരുന്നു - സീറ്റ് ഇല്ല - സ്ഥിരയാത്രികർ  പലരും അവിടെന്നും, ഇവിടെന്നും കണ്ട് ചിരിച്ചു - മറ്റേതോ ലോകത്തിൽ ആണെങ്കിലും രാസപ്രവർത്തനത്തിന്റെ പ്രഭാവത്തിൽ ഞാനും മന്ദഹസിച്ചു.

ശേഷം ഒരു സീറ്റിനടുത്ത് ഒതുങ്ങി  നിന്നു. ചിന്തകൾ എവിടെയൊക്കെയോ പാറി നടക്കുന്നു. പല ലോകങ്ങളിലൂടെയും, പല ആവിഷ്കാരങ്ങൾ മെനഞ്ഞു കൊണ്ട് - എന്തു രാസപ്രവർത്തനമാണ് രസികൻ  ജീവിതം ചെയ്യുന്നത് എന്നറിയില്ലല്ലോ !

യാത്ര പകുതി ദൂരം പിന്നിട്ടിരുന്നു - പെട്ടെന്ന് ഒരു നിമിഷത്തേക്ക് എനിക്ക് ബോധം വന്നു - ടെസ്റ്റ് ട്യൂബിൽ നിന്നു പുറത്തെടുത്ത നിമിഷമാകണം! അപ്പോഴാണ് ഞാൻ ഓർത്തത് - ടിക്കറ്റ് എടുത്തില്ലല്ലോ! കണ്ടു പരിചയം ഉള്ള കണ്ടക്ടർ ആണ്- ഇപ്പൊ ഇനി ടിക്കറ്റ് എടുക്കാൻ പോയാൽ ആൾക്കെന്തു തോന്നും. ഇത്രയും നേരം എവിടെയായിരുന്നു എന്ന ചോദ്യം ഉറപ്പ്. പരിചയക്കാർ ചുറ്റും ഉണ്ട് - അവർക്ക് എന്ത് തോന്നും - എൻറെ ലോകം അതിവിശാലമാണെന്ന് അവർക്കറിയില്ലല്ലോ!
 
എന്തായാലും പകുതി യാത്ര കഴിഞ്ഞു - കണ്ടക്ടർ മൂലയിൽ ഇരിപ്പുമായി - ഇനി ഇപ്പോ ടിക്കറ്റ് എടുക്കണ്ട. ഞാൻ ഉറപ്പിച്ചു. ബസ് യാത്ര തുടർന്നു - ഞാൻ എൻറെ  മനോ-യാത്രയും.

യാത്ര കുറച്ചു കൂടി കഴിഞ്ഞു. അപ്പോഴാണ്ഞാൻ കണ്ടത്. അതാ ബസ്റ്റോപ്പിൽ നിന്നും കാക്കി കുപ്പായത്തിൽ ഒരാൾ കയറുന്നു. തൊപ്പിയില്ല. ഒരു ഞെട്ടലോടെ ഞാൻ അറിഞ്ഞു - ടിക്കറ്റ് എക്സാമിനർ!!!

എൻറെ ആയിരം യാത്രകളിൽ ഒരിക്കൽ പോലും കാണാത്ത മഹാൻ  ഇതാ എൻറെ  മുന്നിൽ പ്രത്യക്ഷനായിരിക്കുന്നു! കഷ്ടി 5 അടി പൊക്കവും 50 കിലോ തൂക്കവും വരുന്ന മനുഷ്യൻ - പക്ഷെ എനിക്കത് 50 അടി  പൊക്കവും 5000 കിലോ തൂക്കവുമുള്ള ഒരു ഭീകരൻ!

ബീഭൽസ രൂപം എന്റെ അടുത്തേക്ക് നടന്ന് അടുക്കുകയാണ്. സീറ്റിൽ ഇരിക്കുന്നവരോടും, നില്ക്കുന്നവരോടും ടിക്കറ്റ്ചോദിച്ച് കയ്യിലെ കടലാസിൽ കുറിച്ച് കൊണ്ട്. ഗാഡ സൾഫ്യൂറിക്ക് ആസിഡിൽ മുങ്ങി താഴുന്ന അവസ്ഥ - ശ്വാസം കിട്ടുന്നില്ല. അകവും, പുറവും ഉരുകുന്നു.

, ജീവിതമേ - ഇത് എന്തൊരു പരീക്ഷണമാണ്. ഇതിപ്പോ ടിക്കറ്റ്എടുത്തെന്നും എടുത്തില്ലെന്നും പറയാൻ പറ്റാത്ത അരക്ഷിതാവസ്ഥ! ഖര രൂപത്തിൽ നിന്നും ദ്രാവകമാവാതെ വാതകമായി പോകുന്ന ഒരു പ്രതിഭാസം എനിക്ക് അനുഭവപ്പെട്ടു തുടങ്ങി

ചുറ്റുമുള്ള പരിചയക്കാർ, എന്നും കാണാറുള്ള കണ്ടക്ടർ, ആകെയുള്ള കെ.എസ്.ആർ.ടി.സി. ഞാൻ എന്ത് ചെയ്യും. എന്റെ "സത്യം" ഞാൻ ആരോട് പറയും.

എനിക്ക് തോന്നുന്നു ചിന്തകളേകാൾ വേഗത വരുന്ന ടിക്കറ്റ് എക്സാമിനർക്കാണ് - അയാൾ ഇതാ എന്റെ മുന്നിലെത്തി. എന്റെ മുഖഭാവം നവരസങ്ങൾക്ക് അതീതമായി തുടങ്ങി. എന്റെ തൊട്ടടുത്ത് നില്ക്കുന്ന മാന്യന്റെ ടിക്കറ്റ്നോക്കിയ ശേഷം അയാൾ എന്റെ നേരെ തിരിഞ്ഞു. എന്റെ ഗദ്ഗദം ഇടറി. ദയനീയമായി തൂക്കിലേറ്റാൻ വിധിക്കപ്പെട്ടവനെ പോലെ ഞാൻ നിന്നു.

ആൾ എന്നെ ഒന്ന് നോക്കിയോ? അറിയില്ല. ഏതോ രാസപ്രതിഭാസം പോലെ എന്നോടൊന്നും ചോദിക്കാതെ അയാൾ അടുത്ത സീറ്റിലേക്ക് പോയി. എനിക്ക് വിശ്വസിക്കുവാൻ ആവുന്നില്ല. ഞാൻ ജീവനോടെ ഉണ്ടോ?! കഴുത്തിൽ മുറുക്കുന്ന കയർ പൊട്ടി പോയ പോലെ.

രണ്ടു സ്റ്റോപ്പ്കഴിഞ്ഞപ്പോൾ അതാ കാക്കി വേഷം ഇറങ്ങി പോകുന്നു. എന്റെ ശ്വാസം നേരെയായി. മസ്തിഷ്കത്തിലെ ആസിഡ് ലായിനിയിൽ ആൽകലി ഒഴിച്ച പോലെ!


ആരോ എന്നെ അറിയുന്നു - എന്റെ ചിന്തകളേയും ! - ശക്തിയെ നമിച്ച് ഞാൻ ആസിഡ് നിറച്ച ടെസ്റ്റ്ട്യൂബിലേക് വീണ്ടും ഇറങ്ങി ചെന്നു.

***