ഇടവഴി


ഓഫീസിൽ തിരക്കുള്ള നേരത്താണ് എനിക്കാ ഫോൺ വന്നത്.
"ഇടവഴി കോൺക്രീറ്റ് ചെയ്യുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ പണി തീരും."
കാൽ ചുവട്ടിൽ നിന്നും മണ്ണൊഴുകി പോവുന്നതായി എനിക്ക് തോന്നി.

മണ്ണിനോട് ചേർന്ന് ജീവിച്ചിരുന്ന ആ കാലത്തേക്ക് ഓർമ്മകൾ ഓടി - ഇടവഴിയുടെ ഇരുവശത്തും തിങ്ങി നിന്ന മുക്കുറ്റിയും, അവയ്ക്കിടയിൽ പടർന്നു നിന്ന കറുകയും, നിവർന്ന് നിന്ന മുയൽ ചെവിയനും, ഇവയ്ക്കിടയിലൂടെ ഇടയ്‌ക്കൊക്കെ ഇഴഞ്ഞു പോയിരുന്ന ആ പാവം ചേരമ്മൂമ്മയും, പിന്നെ വേനലിൽ തുപ്പൽ പടക്കം തേടി നടന്നതും, ഇടവപ്പാതിയിൽ പുഴയായി ഒഴുകുന്നത് നോക്കിയിരുന്നതും, അവധി ദിവസങ്ങളിൽ കൂട്ടുകാരുമൊത്തു പുല്ല് വെട്ടിയതും, പിന്നെ ക്രിക്കറ്റ് കളിയും - എല്ലാം കോൺക്രീറ്റിനുള്ളിൽ മറയുന്നു -  കണ്മുന്നിൽ നിന്നും, ഓർമ്മകളിൽ നിന്നും ഒരു യുഗം മറവ് ചെയ്യപ്പെടുന്നു.

രണ്ടു നാൾ കഴിഞ്ഞു ഞാൻ നാട്ടിൽ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. 
കോൺക്രീറ്റ് ഇടനാഴിയിലൂടെ നടക്കുന്ന ഞാൻ കണ്ടത് ഒരു ദുരന്ത ഭൂമിയാണ് - 
ദിശാ ബോധം നഷ്ട്ടപ്പെട്ട തുമ്പികൾ,
കൂടും, കൂട്ടരും നഷ്ട്ടപ്പെട്ട ഉറുമ്പുകൾ,
പരുക്കൻ കോൺക്രീറ്റിലൂടെ, പുകച്ച് പോകുന്ന ഉരുക്കൻ വണ്ടികൾ.
ഞാൻ എൻ്റെ കാലുകളെ നോക്കി.
അവ ശുഷ്ക്കിച്ചിരിക്കുന്നു.
അവ ദുർബലമായിരിക്കുന്നു.
അവയുടെ പാദങ്ങൾ അറ്റു പോയിരിക്കുന്നു.

3 comments: