വിയർപ്പ്

രാവിലെ 8 മണി കഴിഞ്ഞതേ ഉള്ളൂ. പ്രാതൽ കഴിഞ്ഞു ഒരു കട്ടൻ ചായയും കുടിച്ചു പത്രം വായിക്കാൻ ഇരുന്നതാണ്. മുകളിലത്തെ മുറിയിൽ മകൾ തൊള്ള പൊട്ടിച്ചു കവിത പഠിക്കുന്നു. കവിതാ മത്സരം ഉണ്ടേ ! അടുക്കളയിൽ ശബ്ദകോലാഹലം അടങ്ങിയിട്ടില്ല. മൊത്തം ഒരു അസ്വസ്ഥത. അപ്പോഴാണ് ഞാൻ എന്നെ തന്നെ ശ്രദ്ധിച്ചത്. രണ്ടു ഫാൻ തലയ്ക്ക് മീതെ കറങ്ങുമ്പോഴും എന്റെ തല വിയർക്കുകയാണ്.
തല മാത്രമല്ല. തല മുതൽ കാൽപാദം വരെ!

എനിക്കാകെ ഒരു അങ്കലാപ്പ്. എന്താണപ്പാ ഇങ്ങനെ വിയർക്കുന്നേ?
മുപ്പത് ആവാത്തവർക്കു പോലും ഹാർട്ട്‍ അറ്റാക്ക് വരുന്ന കാലമാ !
ഓഫീസിലും, കാറിലും AC ഉള്ള കാരണം ഇതൊന്നും ശ്രദ്ധിക്കാറില്ല.

ഞാൻ എന്റെ സഹധർമ്മിണിയെ വിളിച്ചു.

"എടീ, ഇത് നോക്കിയേ, ഞാൻ വെറുതെ ഇരുന്നു വിയർക്കുന്നു!"

"അതേതായാലും നന്നായി - നിങ്ങളലേലും പണി എടുത്ത് വിയർക്കാറില്ലല്ലോ ! - നിങ്ങൾ ഒന്നും അറിയുന്നില്ലല്ലോ മനുഷ്യാ - അതാണ് പ്രശ്‍നം  - മാർച്ചു മാസം കഴിഞ്ഞു ദിവസം രണ്ടായി."  - ചുവരിൽ തൂക്കിയിട്ട കലണ്ടർ മറിച്ച് കൊണ്ട് മറുപടി.

അപ്പോഴാ ഞാൻ ശ്രദ്ധിച്ചത് - പത്രത്തിലും ഉണ്ട് വാർത്ത - "എടീ, നീ അറിഞ്ഞോ - തൃശ്ശൂരിൽ 39 ഡിഗ്രി ആയി ചൂട്! - ആഗോളതാപമാണ് പ്രശ്‍നം."

"എവിടൊക്കെയോ, എന്തൊക്കെയോ സംഭവിക്കുന്നു എന്നും പറഞ്ഞു നമുക്ക് ജീവിക്കണ്ടേ - ഇവിടെ ഒരു AC മേടിച്ചാ തീരുന്ന പ്രശ്നമേ ഉള്ളൂ. ഞാൻ എന്ന് മുതൽ പറയുന്നതാ. ഇന്ന് തന്നെ ഒരെണ്ണം ഓർഡർ ചെയ്താ നിങ്ങൾക്ക് തന്നെ നല്ലത്.

നിങ്ങളിവിടെ ഇങ്ങനെ കൂനി ഇരിക്കാതെ ഇന്നെങ്കിലും ആ കാറൊന്നു വെള്ളമൊഴിച്ചു കഴുക്. ആഴ്ച മൂന്നായി കഴുകിയിട്ട്.

പിന്നെ പുറകിലെ മാവ് മുറിക്കാൻ ആളെ കൂടി ഏർപ്പാടാക്കണം. അത് പൂക്കുന്നും ഇല്ലാ, മുറ്റമടിച്ച് എന്റെ മുതുകും ഒടിയുന്നു."

കാർ കഴുകാൻ ബക്കറ്റും എടുത്ത് നടക്കുമ്പോഴും അടുക്കളയിൽ നിന്നുള്ള ശബ്ദകോലാഹലം തുടരുകയാണ്. മുകളിൽ നിന്നും ദിഗന്തങ്ങൾ ഭേദിക്കുന്ന കവിത -

"ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി !
ഇത് നിന്റെ, എന്റെയും, ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം...."

ഞാൻ പൈപ്പ് തുറന്നു - നേർത്ത ഗദ്ഗദത്തോടെ ഒരു കവിൾ ചെളി വെള്ളം അതിൽ നിന്ന് ഒലിഞ്ഞിറങ്ങി.