ഉത്സവപറമ്പിലൂടെ - 2

ഉത്സവം കൊട്ടിക്കയറി നെറുകയിൽ എത്തിയിരിക്കുന്നു. മേളവും, കച്ചേരിയും കഥകളിയുമെല്ലാം  ഇടതടവില്ലാതെ ഒന്നിനുപുറകെ ഒന്നായി പകർന്നാടിക്കൊണ്ടിരിക്കുന്നു. എങ്ങും ഉത്സവലഹരിയിൽ ഉന്മത്തരായി ചലിച്ചുകൊണ്ടിരിക്കുന്ന ജീവിതങ്ങൾ.

അവർക്കിടയിലാണ് ഞങ്ങൾ ആ മുഖം വീണ്ടും ശ്രദ്ധിച്ചത്. വൃശ്ചികോത്സവത്തിന്  കഥകളി കാണാൻ ഇരുന്നാൽ പലപ്പോഴായി മാറി മറയുന്ന ആ പഴമയുള്ള മുഖം - ഉച്ചനേരത്തെ വിശ്രമവേളയിൽ ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ചു - പേര് തൃപ്പൂണിത്തുറ ശശിധരൻ.



കഥകളിക്കു തിരശ്ശീല വന്നാൽ അതിനു പുറകിലുള്ള ഒരു മുഖം ശശിയേട്ടൻറെ ആയിരിക്കും. നാട് വൈക്കം അടുത്താണെങ്കിലും പേരിൻറെ കൂടെ  തൃപ്പൂണിത്തുറ ചേർത്ത് പറയാനാണ് അദ്ദേഹത്തിന് താല്പര്യം. 

"ഞാൻ 45 വർഷത്തിലേറെയായി കഥകളിക്ക് തിരശ്ശീലപിടിക്കുന്നു. പതിനാലാം വയസ്സിൽ തുടങ്ങിയതാണ് ഇത്."  

വൃശ്ചികോത്സവത്തിനു് കൊടി കയറിയാൽ ശശിയേട്ടൻ രാവും പകലും കഥകളി വേഷങ്ങളുടെ കൂടെ തന്നെ കാണും. 

"ഉത്സവം തുടങ്ങിയാൽ പിന്നെ വേറെ എവിടെ പോവാൻ! ഞാൻ ഇവിടെ തന്നെ കൂടും. ഊണും, ഉറക്കവും എല്ലാം ഇവിടെ തന്നെ."



"എനിക്ക് ഈ ഒരു തൊഴിലേ അറിയുള്ളൂ. വേറെ പണിയായിട്ട് ഒന്നും ഇല്ലാ. കഥകളി നടത്തുന്നവർ വിളിക്കുന്നിടത്ത്‌ പോവും. ഇവിടെ ഉത്സവം കഴിഞ്ഞാൽ പൊന്നുരുന്നിയിൽ വിളിച്ചിട്ടുണ്ട്..."

ആട്ടവിളക്ക് കൊളുത്തുന്നത് മുതൽ കളി കഴിയുന്നത് വരെയുള്ള അരങ്ങിലെ എല്ലാ  ഒരുക്കങ്ങളും ശശിയേട്ടൻ തന്നെയാണ് ചെയ്യുക. 

"...ഇതിൽ നിന്നും കിട്ടുന്ന വരുമാനത്തിലാണ്‌ കുടുംബം പോറ്റുന്നത്."

പച്ചയും, കത്തിയും, മിനുക്കും അരങ്ങിൽ വന്നു പോവുമ്പോഴും ഒരു കോണിൽ രാത്രി ഉറക്കമിലാതെ ആടുന്ന ചുട്ടിയിടാത്ത പച്ചയായ ജീവിതം!



പിന്നീട് എവിടെവെച്ചു കണ്ടാലും ശശിയേട്ടൻ ആദ്യം ചോദിയ്ക്കും - " ഭക്ഷണം കഴിച്ചോ? "  സ്നേഹം നിറഞ്ഞ ആ നാടൻ ചോദ്യത്തിൽ വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്റെ മുഴക്കം !

പോരുന്ന നേരത്തു് ശശിയേട്ടൻ പറഞ്ഞു , "ജനുവരി ഏഴാം തീയ്യതി പറവൂർ കഥകളി സംഘം എനിക്കും ഒരു അവാർഡ് തരുന്നുണ്ട്. നിങ്ങൾ എന്തായാലും വരണം കേട്ടോ!" വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ട് ശശിയേട്ടൻ നടന്നു നീങ്ങി. 

നാല് പതിറ്റാണ്ടായി തിരശ്ശീലക്ക്‌ പുറകിലായി മാത്രം ജീവിച്ചു്, കുടുംബം പോറ്റുന്ന ഈ പച്ചയായ മനുഷ്യന് ഒന്നല്ല ഒരായിരം അവാർഡുകൾ നൽകിയാൽ മതിയാകുമോ?

(Tripunithura Vrischikolsavam - 18.Nov.2017-25.Nov.2017)

No comments:

Post a Comment