അനന്തം, അജ്ഞാതം, അവർണ്ണനീയം !

***

രാത്രി ഒമ്പതരയും കഴിഞ്ഞു. തൃപ്തിയും, ഞാനും ഇടപ്പള്ളി സ്റ്റോപ്പിൽ കൊടുങ്ങല്ലൂർക്കുള്ള ബസ്സും കാത്തു് നിൽപ്പാണ്. ഒരു ബസ്സ് പോലും കാണുന്നില്ല. "കുറച്ചു നേരം കൂടി നോക്കാം - ഇല്ലെങ്കിൽ തിരിച്ചു പോകേണ്ടി വരും." - ഞാൻ പറഞ്ഞു. നേരം പിന്നേയും കുറേ കഴിഞ്ഞു. ബസ്സ് വരാന്നുള്ള എല്ലാ സാധ്യതകളും അസ്തമിച്ചു. തിരിച്ചു പോവാനുള്ള തീരുമാനത്തിലേക്ക് ഞങ്ങൾ ഒതുങ്ങി - അപ്പോഴാണ് തൃപ്തിയുടെ ഉറക്കെയുള്ള വിളി - "അതാ കൊടുങ്ങല്ലൂരമ്മ" - ഞാൻ നോക്കിയപ്പോൾ വളവു തിരിഞ്ഞു വരുന്ന "കൊടുങ്ങല്ലൂരമ്മ" ഓട്ടോ. ഓട്ടോ ഞങ്ങളുടെ അടുത്ത് തന്നെ നിർത്തി ഡ്രൈവർ ചോദിച്ചു - "എങ്ങോട്ട് പോവാനാ ?" - "കൊടുങ്ങല്ലൂർക്ക്!" - തിടുക്കത്തിൽ ഞങ്ങൾ മറുപടി പറഞ്ഞു. "എന്നാ കേറിക്കോ" - ഞങ്ങൾ ചാടി കൊടുങ്ങല്ലൂരമ്മയിൽ കയറി യാത്ര പുറപ്പെട്ടു! - അമ്മേ നാരായണ !

***

"നമ ശിവായ" ജപിച്ചു കൊണ്ടുള്ള എന്റെ ഓട്ടം കോട്ടപ്പുറം പാലം കറങ്ങി തിരികെ ചാലക്കുളം വരെ എത്തി. അവിടെ ശിവന്റെ അമ്പലത്തിൽ വിഷ്ണു സഹസ്ര നാമം ഉച്ചത്തിൽ കേൾക്കുന്നു. മനസ്സ് പറഞ്ഞു. എന്നാൽ ഇനി നാരായണനെ ജപിച്ചു ഓടാം. "നാരായണ നാരായണ!" - ജപിച്ചു ഓട്ടം കുറച്ചായപ്പോഴേക്കും എതിരെ ഒരു ഓട്ടോ  - ശ്രീ പൂർണത്രയീശൻ ! 

***

പെട്രോൾ അടിക്കാൻ പോയതാ - സുന്ദരോദയ കലാക്ഷേത്ര എത്തിയപ്പോ ഓർത്തു - വയലിൻ മാഷ് - സുജിത് സാറിനെ കണ്ടിട്ട് കൊല്ലം കുറെ ആയാലോ? എന്റെ കയ്യിൽ നിന്നും സാറിന്റെ നമ്പറും പോയി. ഒന്ന് രണ്ടു തവണ കാണാൻ വന്നിട്ടും കഴിഞ്ഞില്ല. ഇനി ഇപ്പൊ എങ്ങനെയാ കാണാ?  ചിന്തകൾ തിരിഞ്ഞു മറിഞ്ഞു പോയി കൊണ്ടിരുന്നപ്പോഴേക്കും പെട്രോൾ പമ്പ് എത്തി - അവിടെ പെട്രോൾ അടിച്ചു കഴിഞ്ഞു വണ്ടി എടുക്കാൻ നേരത്ത് - ഹെൽമെറ്റ് വെച്ച് വന്ന മറ്റൊരു ബൈക്കിൽ നിന്നും ഒരു വിളി - "എന്തുണ്ട് വിശേഷം?" - ഞാൻ തല ഉയർത്തി നോക്കി - അതാ - സുജിത് സാർ !!

***

No comments:

Post a Comment