കണ്ടൽക്കാടുകൾക്കിടയിൽ എൻ്റെ ജീവിതം - പൊക്കുടൻ


അരോചകമായ അവതാരികയിൽ തുടങ്ങി സരളമായ ശൈലിയിൽ അവതരിപ്പിച്ച "അവിശ്വസനീയമായ" ജീവിത കഥ - പച്ചമണ്ണിന്റെയും പച്ചമീനിന്റെയും പുതുനെല്ലിന്റെയും മണം നിറഞ്ഞ വാക്കുകൾ കൊണ്ടെഴുതിയ വ്യത്യസ്തമായ ഉയിരിന്റെ കഥ. ഇങ്ങനെയും ഒരു കാലഘട്ടം ഈ കൊച്ചു കേരളത്തിൽ ഉണ്ടായിരുന്നുവെന്നും, ഇത്രയും അടിച്ചമർത്തപ്പെട്ട ജീവിതങ്ങൾ ഈ നാട്ടിൽ നരകിച്ചിരുന്നുവെന്നും വിശ്വസിക്കുക ഈ "സ്വതന്ത്ര ചിന്തകരുടെ" യുഗത്തിൽ പ്രയാസം തന്നെ!


അടിച്ചമർത്തപ്പെട്ട സാഹചര്യങ്ങളിൽ നിന്നും ഉയർന്നു പ്രകൃതിയിൽ സ്വയം അലിഞ്ഞു സാത്വികനായി പരിണമിച്ച ഈ മനുഷ്യനെ നിശ്ചയമായും നാം അറിയേണ്ടതാണ്, ഈ ജീവിതം ഏവരും നിസ്സംശയം വായിച്ചിരിക്കേണ്ടതുമാണ്! 


മനുഷ്യന്റെ ഇച്ഛാശക്തിക്കു മുന്നിൽ അസാധ്യമായി ഒന്നുമില്ല എന്ന് വീണ്ടും ഓർമിപ്പിക്കുന്നതിനോടൊപ്പം പ്രകൃതിയിലേയ്ക് മടങ്ങുവാനുള്ള ഒരു പ്രചോദനം കൂടിയാണ് പൊക്കുടേട്ടന്റെ ഈ ജീവിത കഥ.

സ്വന്തം ജീവിതത്തെക്കാളുപരി താൻ ജീവിക്കുന്ന പരിസ്ഥിതിയെ കുറിച്ച് തൻറെ ജീവിത കഥയിൽ വിവരിച്ച ഈ സാത്വികാത്മാവിനു സാഷ്ടാംഗ നമസ്കാരം!

***

കുറിപ്പ് :

* കല്ലേൻ പൊക്കുടൻ - കണ്ടൽവന സംരക്ഷണത്തിനായി ജീവിച്ച അതുല്യ പരിസ്ഥിതി പ്രവർത്തകൻ (1937-2015)
* കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിന് തുടക്കം കുറിച്ചവരിൽ പ്രധാനി
* യുനെസ്‌കോയുടെ പാരിസ്ഥിതിക പ്രവർത്തന വിഭാഗം പൊക്കുടേറ്റന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്
* കല്ലേൻ പൊക്കുടന്റെ നിർദേശപ്രകാരം "നിരങ്ങിന്റെ മാട്" എന്ന പ്രദേശം കേന്ദ്ര റിസേർവ് കണ്ടൽപാർക്ക് ആക്കാനുള്ള ശ്രമം കേന്ദ്ര വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്
* പഴയങ്ങാടി - മുട്ടുകണ്ടി ബണ്ട് - 1989-ൽ, 500 കണ്ടൽ ചെടി നട്ട് പരിസ്ഥിതി പ്രവർത്തനം തുടങ്ങി
* ജന്മസ്ഥലമായ ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്തു കണ്ടൽ വനങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്

***

അമർനാഥ് ഗുഹയിലേക്ക് - രാജൻ കാക്കനാടൻ


"സഞ്ചരിക്കാത്തവനു് സന്തോഷമില്ല. സഞ്ചാരിയുടെ പാദങ്ങൾ പുഷ്പസമാനമാണ്; അവൻ്റെ ആത്മാവ് വളർച്ച പ്രാപിച്ചതും; അവൻ്റെ എല്ലാ പാപങ്ങളും യാത്രക്ലേശങ്ങൾ കൊണ്ട് തന്നെ നശിപ്പിക്കപ്പെടുന്നു. അത് കൊണ്ട് സഞ്ചരിക്കുക."

ഇന്നിപ്പോൾ മലയാള പുസ്തകപ്രദർശന വേദികളിൽ ഹിമാലയ സഞ്ചാര അനുഭവങ്ങളുടെ അതിപ്രസരമാണലോ -   പലപ്പോഴും അവ വിരസമായ ആവർത്തനങ്ങളുടെ കടലാസു കെട്ടുകളായി ചുരുങ്ങുന്നു. പക്ഷെ, അധികമാരും അറിയാത്ത, കാലത്തിനു മുന്നേ സഞ്ചരിച്ച ചില യാത്രികരുടെ അനുഭവങ്ങൾ ഈ കടലാസു കെട്ടുകൾക്കിടയിൽ പൊടിപിടിച്ചു നിശ്ചലമായി കിടക്കുന്നത് നാം അറിയാതെ പോവുന്നു.

ഹിമാലയ യാത്രാനുഭവങ്ങൾ വായിക്കുവാൻ ഇഷ്ടപെടുന്ന ആരും, അങ്ങനെ അറിയാതെ, കാണാതെ  പോകരുതാത്ത യാത്രാ കുറിപ്പാണ് രാജൻ കാക്കനാടന്റെ "അമർനാഥ് ഗുഹയിലേക്ക്". ആമുഖമോ, അവതാരികയോ, ആധ്യാത്മികതയോ, അതീന്ദ്രിയ അനുഭവങ്ങളോ ഒന്നും ഇല്ലാതെ അമർനാഥിലേക്ക് 1979ൽ നടത്തിയ പച്ചയായ കാൽനടയാത്ര മാത്രം പ്രതിപാദിക്കുന്ന കൊച്ചു പുസ്തകം.

പൗളോ കൊഹ്‌ലോ "ആൽക്കമിസ്റ്" ലൂടെ അവതരിപ്പിച്ച പ്രപഞ്ചതത്വങ്ങൾ തൻ്റെ യാത്രയിൽ, അനുഭവത്തിൽ അറിയുകയാണ്, അല്ല വായനക്കാരെ അനുഭവിപ്പിക്കുകയാണ് ശ്രീ.രാജൻ.

ബ്രാണ്ടിയും, റമ്മും, ചിലം-വും, സിഗരറ്റും മാറി മാറി "ശ്രമിച്ചിട്ടും", പ്രപഞ്ചശക്തികളാൽ മാത്രം പ്രചോദിക്കപ്പെട്ട, പ്രപഞ്ച സത്യത്തിൽ മാത്രം അധിഷ്ഠിതമായ ഉജ്ജ്വല യാത്രാനുഭവം!

***