1966 -ൽ രണ്ടു എം.പി. (മെമ്പർ ഓഫ് പാർലമെൻറ്) സുഹൃത്തക്കളോടൊപ്പം കേദാർനാഥ്, ബദരീനാഥ് എന്നീ പുണ്യക്ഷേത്രങ്ങളിലേക്ക് നടത്തിയ പര്യടനമാണ് പൊറ്റെക്കാടിൻ്റെ ഈ യാത്ര വിവരണത്തിലെ ഇതിവൃത്തം.
ഹിമാലയ യാത്രാനുഭവം തന്നെ പ്രമേയമായ രാജൻ കാക്കനാടന്റെ പുസ്‌തകങ്ങൾ വായിച്ചതിന്റെ കോരിത്തരിപ്പ് ലേശം പോലും മാറിയിട്ടില്ല - അപ്പോഴാണ് പൊറ്റെക്കാടിൻ്റെ അതേ സ്ഥലത്തേക്കുള്ള യാത്രാവിവരണം വായിക്കാൻ കിട്ടിയത്. വിരസമായ ആവർത്തനമാവുമോ? ഇതായിരുന്നു വായന തുടങ്ങിയപ്പോഴുള്ള ശങ്ക! പക്ഷെ ചുരുക്കം ഏടുകൾക്കുള്ളിൽ തന്നെ ആ സങ്കോചം തീർത്തും മാറ്റി പൊറ്റെക്കാട്ട് തന്റെ ശൈലിയെ മനസ്സിൽ പ്രതിഷ്ഠിച്ചു എന്ന് വേണം പറയാൻ. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു "എം.പി." പര്യടനം - വേണമെങ്കിൽ അങ്ങനെ ചുരുക്കാവുന്ന ഒരു യാത്രയെ, പൊറ്റെക്കാട്ട്, തന്റെ ചരിത്രബോധവും, ലഘു നർമ്മവും, പ്രകൃതിയെ വർണ്ണിക്കുന്ന സൗന്ദര്യബോധവും കൊണ്ട് അനായാസേന അവിസ്മരണീയമാക്കുന്നു!
രാജൻ കാക്കനാടന്റെ ഹിമാലയ യാത്ര ഉന്മാദം പൂണ്ട "പഴപ്രഥമൻ" ആണെങ്കിൽ പൊറ്റെക്കാടിൻ്റെ യാത്ര ഉൽകൃഷ്ടമായ "പാലട" തന്നെ - രണ്ടും ആസ്വദിക്കുക, മത്തു പിടിക്കുവോളം !
***