Insane 2020!

31.Dec.2020 – I tried to look back as far as I can but could not recollect a year which ended with rains on its last day! – That’s why we say 2020 has gone crazily INSANE! Hope we will have sanity back in 2021 !



മേഘം വന്നു തൊട്ടപ്പോൾ - സുഗതകുമാരി

"പണ്ട് പണ്ട് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെട്ടിരുന്ന ഒരു പ്രദേശമുണ്ടായിരുന്നു! ഒരിക്കൽ ഒരു മാലാഖ അവിടെ ഇറങ്ങി വന്നു. ആ മാലാഖ കവിതകൾ ചൊല്ലി, മരങ്ങൾ നട്ടു, പുഴകളെ പുണർന്നു, മഴയെയും കാടിനേയും സ്നേഹിച്ചു, കൊച്ചു കുട്ടികളെ താലോലിച്ചു, വേദനിക്കുന്ന മനുഷ്യർക്ക് സാന്ത്വനമായ് ഒരുപാട് ഒരുപാട് നാൾ ജീവിച്ചു ..."  

ഒരുപക്ഷെ ഇങ്ങനെയാവും സഹ്യൻറെ സ്വന്തം സുഗതകുമാരി ടീച്ചറുടെ ജീവിതം ഭാവിതലമുറകളിൽ വർണ്ണിക്കപ്പെടുക!

ഒരു നിയോഗം പോലെ - കഥയിലും, കവിതയിലും ഒതുങ്ങാതെ - മനുഷ്യൻ ചൂഷണം ചെയ്തു വികൃതമാക്കിയ പ്രകൃതിയ്ക്കായി അധികാരികൾക്കെതിരെ ശബ്ദം ഉയർത്തി സഹ്യൻറെ ആത്മാവിനെ വീണ്ടെടുത്ത ഉൽകൃഷ്ട ജീവിതം! ആ ജീവിതത്തിലെ കൊച്ചു കൊച്ചു നൊമ്പരങ്ങൾ മുതൽ, വലിയ വലിയ അനുഭവങ്ങൾ വരെ പങ്കു വെയ്ക്കുകയാണ് സുഗതകുമാരി ടീച്ചർ തന്റെ "മേഘം വന്നു തൊട്ടപ്പോൾ" എന്ന പുസ്‌തകത്തിലൂടെ. കൂട്ടത്തിൽ, തന്റെ ജീവിതത്തിൽ കണ്ടു മുട്ടിയ, തന്റെ കണ്ണുകളിൽ ഈറനണിയിച്ച പ്രതിഭകളെക്കുറിച്ചും പ്രതിഭാസങ്ങളെക്കുറിച്ചും (ഉസ്താദ് ബിസ്മില്ലാ ഖാൻ മുതൽ കൊച്ചു മേഘം വരെ) സുഗതകുമാരി ടീച്ചർ തന്റെ അനുഭവക്കുറിപ്പുകളിലൂടെ  ഓർക്കുന്നു.

ഒരിത്തിരി പ്രകൃതി സ്നേഹം ആത്മാവിലുള്ളവരെ "പ്രകൃതിവാദി" യാക്കുവാൻ ഈ വാക്കുകളും,  അനുഭവക്കുറിപ്പുകളും ധാരാളം!  - സുഗതകുമാരി ടീച്ചർ തന്നെ പറയുന്നു - "മറ്റു കാര്യങ്ങളിലൊക്കെ തീവ്രവാദം ഇന്ന് പതിവാണ്. 'പരിസ്ഥിതി തീവ്രവാദം' ശക്തമാക്കണമെന്നാണ് എന്റെ പക്ഷം" - തീവ്രസ്വാർത്ഥമനുഷ്യ ജീവികളോട് ഇതിലും കൂടുതലായി ഒന്നും പറയാനില്ല. പറയേണ്ടതും ഇല്ല. 

***

കോവിഡ് മാസങ്ങളിലായി (ജൂൺ-ജൂലൈ) ഇക്കൊല്ലം വായിച്ച പുസ്‌തകങ്ങളിൽ രണ്ടെണ്ണം സുഗതകുമാരി ടീച്ചറുടെയായിരുന്നു. മുനിസിപ്പൽ ലൈബ്രറിയിൽ പുസ്‌തകങ്ങൾ തിരഞ്ഞു നടന്നപ്പോൾ ആകസ്മികമായി കൈവന്നത് അവയായിരുന്നു. അമ്മയും, തൃപ്തിയും രണ്ടു പുസ്‌തകങ്ങളും വായിച്ചു. ആ അനുഭവ ജീവിതം ചർച്ച ചെയ്തു - അന്ന് പക്ഷെ ഇങ്ങനെയാവും ഇക്കൊല്ലം അവസാനിക്കുക എന്ന് അറിയാതെ പോലും കരുതിയതല്ല. പ്രകൃതിയെ സ്നേഹിച്ച ആ ആത്മാവ് പ്രകൃതിയിലേക്ക് ലയിക്കും മുമ്പ് പ്രകൃതിയെ അറിയുവാൻ ശ്രമിക്കുന്ന ഈയുള്ളവരോട് ഒരു നിയതി പോലെ സംവദിക്കുകയായിരുന്നോ ?!

(23 - ഡിസംബർ - 2020  - സുഗതകുമാരി യാത്രയായി - കൃഷ്ണരഥമേറി )