കാടോർമ്മകൾ - എ.ഒ. സണ്ണി


"ഇന്നാ പിടിച്ചോ.." ലൈബ്രറിയുടെ  ടെക്നിക്കൽ സെക്ഷനിൽ വെറുതെ എല്ലാവരേയും ഒന്ന് കാണാൻ ചെന്നതാ - ജിഷ അതാ എനിക്കു നേരെ ഒരു പുസ്തകവും നീട്ടി ഇരിക്കുന്നു. "ഇതെന്താ?" - ഞാൻ ചോദിച്ചു. "ചെന്നിരുന്ന് വായിക്ക്!" - മറുപടി വന്നു. 

കടും നിറമുള്ള പുറഞ്ചട്ടയിൽ ശീർഷകം - "കാടോർമ്മകൾ  - എ.ഒ. സണ്ണി" - വെള്ള നിറത്തിൽ എഴുതിയിരിക്കുന്നു. "നീ വായിച്ചോ?", ഞാൻ ചോദിച്ചു. "ഇല്ല, കാൾ നമ്പർ ഇട്ടിട്ടേയുള്ളു. പ്രോസസ്സിങ്ങിൽ ആണ്, ന്യൂ അറൈവൽസ് ആവാൻ താമസമുണ്ട്". കൊച്ചു പുസ്തകം. കാടാണല്ലോ വിഷയം. ആദ്യ വായനയും! എന്തായാലും, ഉച്ചയ്ക്ക് വായിക്കാം. 

ഉച്ചയൂണ് നേരത്തേ കഴിഞ്ഞു, പുറത്തു മഴക്കാറ് തളംകെട്ടിനിൽക്കുന്നു . സെക്ഷനിലാണെങ്കിൽ ആരുമില്ല. പുസ്തകം നോക്കാൻ ഇത്തിരി നേരമുണ്ട്. ഞാൻ വായിക്കാനിരുന്നു. കുറച്ചു കഴിഞ്ഞു കാണും. ഏടുകൾ മറിയുന്നത് ഞാൻ അറിയുന്നുണ്ട്. പക്ഷെ സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥ. ഓഫീസിലെ കസേരയിൽ നിന്ന് നേരെ കൊടുങ്കാടിനുള്ളിൽ "ട്രാൻസ്ഫർ " ചെയ്ത പ്രതീതി. എനിക്ക് ചുറ്റും കാടിൻറെ കടും ചായങ്ങളുടെ വാങ്മയചിത്രങ്ങൾ - നട്ടപാതിരാവിലെ നിബിഡവനവും, കാടിനുള്ളിലെ പെരുമഴയും,  ആനയും, ആനച്ചൂരും, കടുവയും, മലയണ്ണാനും, മലമുഴക്കിയും, അട്ട കടിയും, വിശപ്പും, ദാഹവും, ഭയവും, സുഗന്ധവും, ദുർഗന്ധവും, കാട്ടുതീയും, തെളിനീരും, അരുവിയും, പുഴയും, നായാട്ടും, മരംമുറിയും, രാജവെമ്പാലയും, കാട്ടുമൂപ്പനും, മാക്കാച്ചിക്കാടയും, മലദൈവങ്ങളും - എല്ലാമെല്ലാമായി കാട് അതാ പല പല നിറങ്ങളിൽ, പല പല ഭാവങ്ങളിൽ എനിക്ക് മുന്നിൽ നൃത്തമാടുന്നു! 

ആരോ സെക്ഷനിൽ വന്നു വിളിച്ചപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടിയത്! എന്നിട്ടും, കാടിറങ്ങി വരാൻ മനസ്സ് കൂട്ടാക്കിയില്ല! ആ ഒരാഴ്ച "കാടോർമ്മകളു"മായി ഞാൻ പല തവണ കാട് കയറി! എപ്പോഴെങ്കിലുമൊരിക്കൽ അനുഭവിച്ചറിയാനായ് മനസ്സിൽ കോറി വെച്ച കിനാവിലെ കാട്ടിൽ ഞാൻ തനിയെ അലഞ്ഞു തിരിഞ്ഞു, അലിഞ്ഞിലാതായി!

ചില പുസ്‌തകങ്ങൾ അങ്ങനെയാ, അവർക്കായി കാത്തിരിക്കുന്ന കൈകളിലേക്ക് അവർ സ്വയമേ വന്നു ചേരും! എന്നിട്ട് കൈപിടിച്ചു കൂട്ടി കൊണ്ട് പോകും, അവരുടെ ആ ലോകത്തേക്ക് - കിനാവിലലിഞ്ഞില്ലാതാവാൻ!

നന്ദി ശ്രീ. എ.ഒ. സണ്ണി സർ.


(ഗ്രീൻ ബുക്ക്സ് - പേജുകൾ - 215, 
വില - 310 രൂപ )

No comments:

Post a Comment