(ഹിമാലയത്തിലെ പഞ്ചകേദാരങ്ങളിലൂടെയുള്ള യാത്ര)
ഭാരതഭൂമിയുടെ രണ്ടു ശതമാനം മാത്രമുള്ള കൊച്ചു ഭൂപ്രദേശം.
ടിബറ്റ്, നേപ്പാൾ അതിരുകൾ.
ഭാരത ഭൂമിയെ നിർവചിക്കുന്ന ഗംഗയും യമുനയും മുതൽ ചാർധാം, ഹരിദ്വാർ, ഋഷികേശ്, സപ്തബദരി, പഞ്ചകേദാരം അങ്ങനെ കേട്ടതും കേൾകാത്തതും കണ്ടതും കാണാത്തതും എത്താവുന്നതും എത്താവുന്നതിനപ്പുറവുമായ ജ്ഞാന-മോക്ഷ ചൈതന്യദായകങ്ങളായ സകലതും ഉൾക്കൊള്ളുന്നു ഈ കൊച്ചു വലിയ ഭൂപ്രദേശത്തിൽ. ഭാരതം എന്ന ആ തത്വം തന്നെ ഈ ദേവഭൂമിയിലെ ഹിമാലയസാനുക്കളിൽ പ്രകാശിക്കുന്നു! ശങ്കരാചാര്യ പാദസ്പര്ശമേറ്റ ഇവിടം ആത്മീയചൈതന്യം കൊണ്ട് നിറഞ്ഞു തുളുമ്പുന്നു!
ലഡ്ഡു പകുത്ത പോലെ ഉത്തർഖണ്ഡിനെ രണ്ടു ഭൂവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വടക്ക് ഭാഗം ഗഡ്‌വാൾ തെക്ക് കുമവോൺ. ഗഡ്‌വാൾ ഭാഗത്താണ് - ചാർധാം, ഹരിദ്വാർ, ഡെറാഡൂൺ, മുസ്സോറി, ഓലി, ഉത്തരകാശി, ടെഹ്‌രി ഡാം, പൂക്കളുടെ താഴ്വര അങ്ങനെ അങ്ങനെ. കുമവവോണിൽ നൈനിറ്റാൾ, അൽമോറ, ജിം കോർബെറ്റ് നാഷണൽ പാർക്ക്, ജാഗേശ്വർ, പിത്തോർഘർ (കൈലാസ്, ആദികൈലാസ് പോവുന്ന വഴി) മുതലായവ. ഹിമാലയ കൊടുമുടികൾ ആണെങ്കിൽ നന്ദാദേവി, ചൗഖംബാ, തൃശൂൽ അങ്ങനെ പോവുന്നു. 1970-കളിൽ വനസംരക്ഷണത്തിനായി നടന്ന ചിപ്‌കോ സമരം എന്ന അഹിംസാത്മക പ്രതിഷേധം നടന്നതും ഈ ദേവഭൂമിയിൽ തന്നെ! ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് മനുഷ്യനായി ഭാരതഭൂമിയിൽ ജനിച്ചാൽ ഉത്തര്ഖണ്ഡിൽ ഒരിക്കലെങ്കിലും പോയിരിക്കണം, അല്ലേ? പിന്നെ ഒരിക്കൽ ആ ദേവഭൂമിയിൽ പോയവർ വീണ്ടും വീണ്ടും അവിടെ പോകുമെന്നത് പറയേണ്ടതില്ലലോ!
അങ്ങനെ ഒരുപാട് തവണ ഉത്തർഖണ്ഡിലും, പുറമേയുമായി ഹിമാലയ യാത്രകൾ ചെയ്ത ശ്രീ കെ. ബി. പ്രസന്നകുമാർ എഴുതിയ കൊച്ചു യാത്രാവിവരണമാണ് "ശിവം പഞ്ചകേദാരം". പഞ്ചകേദാര യാത്രയാണ് വിവരണം. എന്നെങ്കിലുമൊരിക്കൽ പോകുവാൻ സാധിക്കണമേ എന്ന് തോന്നിപ്പിക്കുന്ന പുണ്യസങ്കേതങ്ങൾ. ആ കേദാരങ്ങളുടെ കൊച്ചു കുറിപ്പുകൾ പുസ്തകത്തിൽ നിന്നെടുത്ത് ഞാൻ ഇവിടെ കുറിച്ചിടുന്നു. എന്നെങ്കിലും ഉപകാരപ്പെടണമേ എന്ന പ്രാർത്ഥനയോടെ!
പഞ്ചകേദാരങ്ങളുടെ ക്രമം കേദാർനാഥ്, മധ്യമഹേശ്വർ, തുംഗനാഥ്, രുദ്രനാഥ്, കല്പേശ്വർ എന്നീ വിധത്തിലാണ്. ഋഷഭാകൃതി പൂണ്ട ശിവ ഭഗവാന്റെ മുതുക്ക്, മധ്യം, കൈകൾ, മുഖം, ജട എന്നീ ക്രമത്തിൽ. ക്ഷേത്രങ്ങൾക്കും പൂജകൾക്കും അതനുസരിച്ചു വ്യത്യാസം വരുന്നു. കേദാറിലെ ആരാധനാരീതിയിലെ ചിട്ടയിൽ നിന്ന്, ക്രമേണ ചിട്ടകൾ കുറഞ്ഞു കല്പേശ്വറിലെത്തുമ്പോൾ വിശേഷിച്ച് പൂജകളില്ലാത്ത അവസ്ഥയിലെത്തുന്നു. (ചാർധാം ക്രമം യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ വിധത്തിലാണ്)
കേദാർനാഥ്
ഹരിദ്വാർ - ഹൃഷീകേശ് - ദേവപ്രയാഗ് (70 കിമി) ഭാഗീരഥിയും അളകനന്ദയും ഇവിടെ സംഗമിക്കുന്നു - ശ്രീനഗർ (15 കിമി) - രുദ്രപ്രയാഗ് (31 കിമി) മന്ദാകിനിയും അളകനന്ദയും ഇവിടെ സംഗമിക്കുന്നു - തിൽവാര - അഗസ്ത്യമുനി - കുണ്ഡ് - ഗുപ്‌തകാശി - നള - ഫട്ടാ - രാംപൂർ - സോനപ്രയാഗ് (സ്വർണഗംഗയും മന്ദാകിനിയും സംഗമിക്കുന്നു) - ത്രിയുഗി നാരായൺ - ഗൗരീകുണ്ഡ് - (ജംഗിൽഛട്ടി - രാംബാറ - ഗരുഡ് ഛട്ടി) - കേദാർനാഥ്
മധ്യമഹേശ്വർ
ഉഖീമഠ് - ഉണിയാണ - ബന്ദോളി - മധ്യമഹേശ്വർ - ബൂട്ടാമഹേശ്വർ
തുംഗനാഥ്
പഞ്ചകേദാരങ്ങളിൽ ഏറ്റവും ഉയർന്നത് - കുണ്ഡ് - ഉഖീമഠ് - ഗോപേശ്വർ - ചോപ്ട്ട - തുംഗനാഥ് - ചന്ദ്രശില
രുദ്രനാഥ്
പഞ്ചകേദാരങ്ങളിൽ ഏറ്റവും ക്ലേശമേറിയത് - ഗോപേശ്വർ - സാഗർ (ചോപ്ട്ട പോവുന്ന വഴി) - പാനാർ - രുദ്രനാഥ്
കല്പേശ്വർ
രുദ്രനാഥ് - ബൻസിനാരായൺ - ഉർഗം - കല്പേശ്വർ അല്ലെങ്കിൽ ഗോപേശ്വർ - പീപ്പൽകോട്ടി - ഗരുഡ് ഗംഗ - ഹേലാങ്ച്ചട്ടി - ഉർഗം - കല്പേശ്വർ
ഉഖീമഠ് നിന്നും സാരി വഴി ദേവേരിയ തടാകകരയിൽ രാത്രി തങ്ങുന്നതും ഒരു ദൈവീക അനുഭൂതി തന്നെ. ഇവയെല്ലാം തന്നെ മുകളിൽ സൂചിപ്പിച്ച പോലെ ഉത്തർഖണ്ഡിലെ ഗഡ്‌വാൾ ഹിമാലയ ഭൂമിയിൽ സ്ഥിതി ചെയുന്നു.
ഇനി കാത്തിരിക്കാം! ശിവ സങ്കല്പത്തിനായി. പഞ്ചാക്ഷരി മന്ത്രിച്ച് മേഘങ്ങൾ ശ്വസിച്ചുള്ള ഹിമാലയ യാത്രകൾക്കായി!
***