ഒരു സഖാവിന്റെ കഥ
"ഇതാണ് ഞാൻ പറയാറുള്ള ആ വഴി." - ഞാൻ വീണ്ടും ആ "കഥ" യിലോട്ട് പോയി. ആരുടെ കൂടെ ഈ വഴിയിലൂടെ പോവുമ്പോഴും പറയാറുള്ള ആ "കഥ"!
ലോകം രണ്ടായിരാമാണ്ടിലോട്ട് കാലും നീട്ടി ഇരിക്കുന്ന കാലം. കെ.കെ.ടി.എം ഗവർമെന്റ്റ് കോളേജിൽ രണ്ടാം വർഷ ഡിഗ്രീ പഠനം നടക്കുന്നു. ക്ലാസ്സിൽ പ്രത്യയശാസ്ത്രം പ്രസരിപ്പിച്ചു നടക്കുന്ന സഖാവാണ് കഥയിലെ നായകൻ!
ശിശുത്വം വിട്ടുമാറാത്ത അബലരായ ഞങ്ങളെ പ്രബലരാക്കാൻ കാര്യശേഷിയുള്ള - ഒത്ത പൊക്കവും, അതിനൊത്ത വണ്ണവും, താടിയും, മീശയുമുള്ള - "സൗമ്യനായ" പരുക്കൻ സഖാവ് - ശ്രീമാൻ വട്ടോളിപറമ്പിൽ വിശ്വംബരൻ രാധാകൃഷ്ണൻ. കോളേജിന്റെ കിഴക്കേ റോഡിലൂടെ കുറച്ചൊന്നു ചെന്നാൽ മതി സഖാവിന്റെ സങ്കേതത്തിൽ എത്തി ചേരാൻ.
അങ്ങനെയുള്ളപ്പോഴാണ് സഖാവിന്റെ ആ രാത്രി യാത്ര. കൂടുകാരന്റെ വീട്ടിൽ സുധീർഘമായ ചർച്ച കഴിഞ്ഞപോഴേക്കും മണി 12 കഴിഞ്ഞിരുന്നു. സൈക്കിളും എടുത്ത് അല്പം തിരക്കിൽ തന്നെ സഖാവ് സങ്കേതം ലക്ഷ്യമാക്കി ചവിട്ടി തുടങ്ങി.
ആ വഴിയിലാണെങ്ങിൽ ഒരു പഴയ അമ്പലവും ഒന്നോ രണ്ടോ വീടും ഒഴിച്ചാൽ പറയത്തക്കതായി ഒന്നും ഇല്ല. ഇരു വശവും പത്തൽ ഇടതിങ്ങി വളർന്നു നില്ക്കുന്നു. തോന്നിയാൽ മിന്നുന്ന വഴിവിളക്കുകൾ. നിലാവെളിച്ചം തെല്ലുണ്ടെന്നു പറയാം.
ഒരു വളവു കഴിഞ്ഞപോൾ സഖാവ് കണ്ടു - ദൂരെ ഒരു മധ്യ വയസ്ക്കൻ - മുട്ടോളം വരേയുള്ള വെള്ള ജുബ്ബയും ഉടുത്ത് നടന്നു വരുന്നു. സൈക്കിൾ ബെൽ ഉറക്കെ അടിച്ചു സഖാവ് തന്റെ വരവറിയിച്ചു. ആ മനുഷ്യൻ അതൊന്നും കൂസാക്കുന്ന മട്ടില്ല. വീണ്ടും ഒന്ന് നോക്കിയപോഴേക്കും അയാൾ അവിടെ ഇല്ല. - നടന്നു നീങ്ങിയിട്ടുണ്ടാവും. സഖാവ് ചവിട്ടിന്റെ ആക്കം ഒന്ന് കൂട്ടി.
പെട്ടന്നാണ് അത് സംഭവിച്ചത്. വളവു കഴിഞ്ഞ് നേരെ നോക്കിയപ്പോൾ ആ വെള്ള ജുബ്ബ മനുഷ്യൻ അതാ സൈക്കിളിന്റെ തൊട്ടു മുന്നില്. തൂവെള്ള വസ്ത്രം തന്നെ. ഒന്നും കൂസാക്കാതെ. തെല്ല് പോലും മാറാതെ നിൽക്കുന്നു. ഒന്നു ചിന്തിക്കാൻ പറ്റും മുമ്പേ ആ വെള്ള വേഷത്തിലൂടെ സൈക്കിൾ കടന്നു പോയി! എന്താണ് സംഭവിച്ചത്? ഒന്നും അറിയില്ല! ഭയന്നു വിറച്ച സഖാവ് അവിടുന്നെടുത്ത ശ്വാസം വിട്ടത് വീട്ടിലെത്തിയിട്ടാണ്!!
സഖാവായത് കൊണ്ട് മാത്രം രണ്ടു ദിവസം പനിച്ചു കിടന്നു. അബലരായ ഞങ്ങളിൽ ആരെങ്ങിലും ആയിരുന്നെങ്ങിൽ "കഥ" മറ്റൊന്നായേനെ.
"അപ്പൊ ആ മനുഷ്യൻ - പ്രേതമായിരുന്നോ...?" - സൈക്കിളിൻറെ പുറകിൽ നിന്നും ഭാര്യയുടെ വിറങ്ങിലിച്ച ചോദ്യം. ഉത്തരം ഒന്നും പറയാതെ ഇരുട്ടിലൂടെ ഞാൻ വീണ്ടും നോക്കി. ആ വെള്ള ജുബ്ബ മനുഷ്യൻ ഇനിയും വരുമോ?
No comments:
Post a Comment