ആനക്കഥകൾ


ആനക്കഥകൾ

ആനക്കഥ ഏതാണെങ്കിലും വൈകാരികമായ ഒരു തലത്തിലേക്കാണ് അവയെല്ലാം നമ്മളെ കൊണ്ടെത്തിക്കുക! ആ തീക്ഷ്ണത കൊണ്ടാവാം ആനക്കഥ വായിച്ചു കഴിഞ്ഞാൽ പെയ്തു തോർന്ന പേമാരിയുടെ അനുഭൂതിയാണ് മനസ്സ് നിറയെ! സ്‌കൂൾ കഴിഞ്ഞു വീടെത്തിയാൽ ഐതിഹ്യമാലയിലെ ആനക്കഥകളുമായി ഒരു ഇരുപ്പാണ് - ആനക്കഥകളിലോടുള്ള കമ്പം അങ്ങനെ തുടങ്ങി! പലപ്പോഴും വായിച്ച കഥകൾ തന്നെ വീണ്ടും വീണ്ടും വായിക്കും. അങ്ങനെ അലിഞ്ഞു പോയിരുന്ന ആ സായാഹ്നങ്ങളുടെ ഓർമ പുതുക്കൽ പോലെയായി കുട്ടിശങ്കരമേനോൻറെ "ആനക്കഥകൾ" എന്ന കൊച്ചു പുസ്‌തകം.

തോരാമഴയിൽ കവളപ്പാറയിൽ ഉരുൾ പൊട്ടിയിരിക്കുന്നു. ഒരു പാട് ജീവൻ അപഹരിച്ച ദിവസം. ആ വാർത്തകളും കണ്ട്  തോരാ മഴയിൽ വീട്ടിൽ കെട്ടിയിട്ട അവസ്ഥയിലാണ് പഴയ ചാക്കിൽ നിന്നും "ആനക്കഥകൾ" പൊടി തട്ടി എടുത്തത്. വായിക്കാത്ത പുസ്‌തകമായതിനാൽ അതും കൊണ്ടായി പിന്നെ ഇരുപ്പ്.

സഹ്യൻറെ കാടുകളിൽ ജനിച്ചു "ഇരുകാലികളുടെ" കൂടെ ജീവിതം അലിഞ്ഞുപോയ ഗജകേസരികളുടെ ജീവിതമാണ് പ്രതിപാദ്യ വിഷയം. പുസ്തകം വായിച്ചു തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത് - അതിലെ ആദ്യത്തെ ആന കഥ - "കവളപ്പാറക്കൊമ്പൻ"! - ഞാൻ ഒന്ന് അമ്പരന്നു! കുറച്ചു മുന്നേ വാർത്തകളിൽ ഉരുൾപൊട്ടി കണ്ട അതേ "കവളപ്പാറ" ഇതാ ഇവിടെയും! അതേ തീക്ഷണതയോടെ! അതേ വൈകാരികതയോടെ! തികച്ചും യാദൃച്ഛികം!

"ഇരുകാലികൾ" എന്ന് വിശേഷിപ്പിച്ച മനുഷ്യരോട് അമർഷം തോന്നുന്ന സന്ദർഭങ്ങളിലൂടെ കടന്നു പോകുന്നു പല കഥകളും. മനുഷ്യനും ആനയും തമ്മിലുള്ള അനനുകരണീയമായ സ്നേഹബന്ധങ്ങളും പലയിടങ്ങളിൽ കടന്നു  വരുന്നു. ആനപകയോട് ആദരവു തോന്നുന്ന നിമിഷങ്ങളും ഒരുപാട്! പല കഥകളും ഐതിഹ്യമാലയിൽ നിന്നും എടുത്തവയാണ്. എങ്കിലും, തികച്ചും വ്യത്യസ്തമായി, "ആനമനസ്സിൽ" നിന്ന് വരുന്ന വികാരങ്ങളായാണ് അവതരണ ശൈലി. ആർട്ടിസ്റ് നമ്പൂതിരി അവർകളുടെ ചിത്രങ്ങൾ കൂടി വന്നപ്പോൾ കിടങ്ങൂർ കണ്ടൻകോരനും, വൈക്കത്ത് തിരുനീലകണ്ഠനും, കൊച്ചയപ്പനും, ആവണാമനക്കൽ ഗോപാലനും, കൊട്ടാരക്കര ചന്ദ്രശേഖരനും, ആറന്മുള ബാലകൃഷ്ണനും, തിരുവട്ടാർ ആദികേശവനും സിരകളിൽ നിറഞ്ഞു! പുസ്‌തകം വായിച്ചു തീർന്നപ്പോഴേക്കും കാട്ടാനകൂട്ടം കടന്നു പോയ അവസ്ഥയിലായി മനസ്സ്!

പിന്നെ രണ്ടു നാൾ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു - "ഈ ഭൂലോകത്തിൽ തമസ്സു നിറഞ്ഞവർ "ഇരുകാലികൾ" മാത്രം! സാത്വികമായ "ആനമനസ്സേ" നിന്നെ നമിക്കുന്നു."

***

No comments:

Post a Comment