ഇടവം പണ്ടേ ഇടഞ്ഞു തന്നെ. മിഥുനം ഒന്ന് പരുങ്ങി നിന്നു, എത്തി നോക്കി, പേടിച്ചോടികളഞ്ഞു. ഇപ്പൊ ദാ, കരിമ്പോത്തിനെ പോലും കിടുകിടാ വിറപ്പിക്കുന്ന കർർർ...ക്കടകവും, മലയാളിയുടെ മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു.
മകരമാസത്തിൽ മഴപെയ്താൽ മലയാളം മുടിയും എന്നൊരു ചൊല്ലുണ്ട്. പക്ഷെ കർക്കടകത്തിൽ മഴ പെയ്തില്ലെങ്കിലോ? ആ, അങ്ങനെ ഒരു സംഗതി പഴമക്കാർ പോലും സങ്കല്പിച്ചിട്ടില്ല! ഈ പഞ്ഞ മാസം മലയാളിയെ വിട്ടൊരിക്കലും പോവില്ലെന്നാവും അവരും കരുതിയത്. എന്നാൽ, ഉൽകൃഷ്ടരായ ഈ നാട്ടിലെ ഉത്തമന്മാരുടെ ആ ഊക്കും, ആ ഉത്സാഹവും, ആ ഉശിരുമൊക്കെ കണ്ടിട്ടാണെന്നു തോന്നുന്നു കർക്കിടകവും ആവിയായി പോയിരിക്കുന്നു! ഹ ഹ ഹാ!
കുറേയായി ഈ പഞ്ഞ കർക്കടകം ഞങ്ങളെ കൊണ്ട് പാരായണം ചെയ്യിക്കുന്നു, കഞ്ഞി കുടിപ്പിക്കുന്നു, ഈറനുടിപ്പിക്കുന്നു! ഇനി ഞങ്ങളിവിടെ കർക്കടക ചൂടിൽ കൊപ്ര ഉണക്കും, കർക്കടകകിഴിവിൽ കിട്ടിയ അമേരിക്കൻ ബെർമുഡയിട്ട് നട്ടുച്ചയ്ക്ക് പോപ്പി കുടയും ചൂടി കറങ്ങി നടക്കും, തമിഴ്നാട്ടിൽ നിന്നും ഇറക്കിയ കരിക്കും, മിൽമയുടെ (നന്ദിനി നഹി നഹി) സംഭാരവും, ആസാമിയുടെ നീമ്പു പാനിയും കുടകുടേ കുടിക്കും, ഗുജ്ജുവിന്റെ അമുൽ ഐസ്ക്രീം നുണയും, പോഷകത്തിന്ന് വേണ്ടി മാത്രം ഇത്തിരി പ്യുവർ കള്ളു (നമ്മുടെ സ്വന്തം) പാനം ചെയ്യും. രാഷ്ട്രത്തോട് കൂറുള്ള ഞങ്ങൾ ഉറങ്ങുന്നതിനു മുന്നേ ഒരു മഗ്ഗ് (അല്ലേൽ വേണ്ട, ഒരു പെഗ്ഗ്) 'ജവാൻ' പച്ച വെള്ളം തൊടീക്കാതെ (കുടിവെള്ളത്തിന് അന്യായ കരമാ ഹേ!) മോന്തും - (അത് ഞങ്ങളുടെ ജന്മാവകാശമാണേ!)
അങ്ങനെ ഇവിടെയൊരു നവയുഗമുണരും മക്കളെ ! ചോർച്ചയോ, നനവോ, ഈർപ്പമോ ഇല്ലാത്ത ഊഷ്മളമായ നവയുഗമുണരും, ചൂടാറാത്ത നവയുഗം!
No comments:
Post a Comment