ആഗസ്റ്റ് - 2013
യാത്ര – 1
കോട്ടയം, ഇന്ത്യ:
ഉദ്യേശിച്ച പോലെ ഉദ്ദേശം 30 മിനിറ്റ് വൈകി ഐലന്റ്റ് എക്സ്പ്രസ്സ് കോട്ടയത്തെത്തി.
സ്റ്റേഷനിൽ സാമാന്യം തിരക്കുണ്ട്. ട്രെയിന്‍ വന്ന ബഹളത്തിൽ മുന്നിൽ വന്നു നിന്ന
ബോഗിയിൽ ഞാൻ തിങ്ങി കയറി. ഇരു വശത്തു നിന്നും യാത്രക്കാർ ബോഗിയിൽ നിറയുകയാണ് – ഒരു
യുദ്ധ സന്നാഹം പോലെ.
തമിഴ്, കന്നഡ, തെലുങ്ക് സ്വാമിമാരാണ് അധികവും. അകത്തു കാലു കുത്താന്‍ സ്ഥലം ഇല്ല. നാല് പേരിരിക്കുന്ന
ഇടത്ത് എട്ടു പേരെങ്കിലും ഇരിക്കുന്നു. ബര്‍ത്തുകൾ ഭാണ്ടകെട്ടുകൾ കൊണ്ട്
നിറഞ്ഞിരിക്കുന്നു. മുകളിൽ ഒരിടത്ത് സഞ്ചി വെയ്ക്കാനുള്ള സ്ഥലം – മറ്റൊന്നും
ചിന്തിക്കാതെ ഞാൻ ചാടി അവിടെ കയറി. അവിടെ ആളുണ്ടേ എന്ന് ചില സ്വാമികള്‍ പറഞ്ഞത്
കൂട്ടാക്കാതെ ഞാൻ അവിടെ ചടഞ്ഞിരുന്നു. താഴെ കൂട്ട ബഹളമാണ്. സ്വാമിമാരെ കൂടാതെ കന്യാസ്ത്രീകളും
പോരാതെ വൃദ്ധനായ ഒരു മുസല്‍മാനും ഒന്നു
നിൽക്കുവാൻ പോലും പറ്റാതെ കഷ്ടപെടുകയാണ്. എലാവരും
അവരവരുടെ ഈശ്വരനേയും, കര്‍ത്താവിനെയും പടച്ചോനെയും വിളിക്കുന്നു.
എല്ലാം കൊണ്ട് ഒരു സര്‍വ മതകാഹളം തന്നെ. ഇതിനിടയിൽ കൂട്ടചിരിയും പിള്ളകളുടെ
കരച്ചിലും പലയിടങ്ങളിലായി മുഴങ്ങുന്നു. പോരെങ്ങിൽ ഇവര്‍ക്കെല്ലാം മുകളിലൂടെ
“ഇതൊക്കെ എത്ര കണ്ടിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടതാ പോകുന്നു ഉഴുന്നു വടയും, പരിപ്പ് വടയും. വണ്ടി നീങ്ങി കുറെ ആയി. കാല്‍പാദം
മാത്രം അനക്കാവുന്ന അവസ്ഥയിൽ എന്‍റെ യാത്ര തുടര്‍ന്നു. ക്ഷീണം കാരണം എപ്പോഴോ ഞാന്‍
മയങ്ങി പോയി.
ഉണര്‍ന്നപ്പോഴേക്കും ആലുവ എത്താറായിരുന്നു. തിരക്കിലൂടെ ഞാന്‍ തിക്കിയിറങ്ങി.
വലതു കാലിലെ ചെരുപ്പ് ഇടതു കാലിലും, ഇടതു കാലിലെ ചെരിപ്പ് വലത്തു കയ്യിലും തോള്‍
സഞ്ചി തലയിലും വെച്ച് ശരണം വിളിച്ച് ഞാൻ
പുറത്തു കടന്നു. കുറച്ചു സമയം ശുദ്ധ വായു ശ്വസിച്ച് വെറുതെ നിന്നു. പുറകിൽ സൈറന്‍
മുഴങ്ങി. വണ്ടി വീണ്ടും അതിന്‍റെ യാത്ര തുടരുന്നു. ജീവന്‍ തിരിച്ചു കിട്ടിയ ഞാൻ എന്‍റെ ജീവിത
യാത്രയും....
യാത്ര – 2
ബേണ്‍, സ്വിറ്റ്സര്‍ലാന്‍ഡ്:
തെളിഞ്ഞ പ്രഭാതം. ചെറിയ തണുപ്പുണ്ട്. ഞാന്‍ ബേണ്‍ സ്റ്റേഷനില്‍ 7:25 നു
തന്നെ എത്തി. സ്റ്റേഷനില്‍ സ്ഥിരം കുറച്ചു യാത്രക്കാരും, ചില ടൂറിസ്റ്റുകളും
മാത്രം. കൃത്യം 7:32 നു തന്നെ ഇന്റർസിറ്റി
സ്റ്റേഷനില്‍ എത്തി - നിശബ്ദമായി. ഒരു ബഹളവും കൂട്ടാതെ യാത്രകാര്‍ ട്രെയിനിൽ കയറുന്നു. എന്‍റെ
സ്ഥിരം ബോഗിയില്‍ തന്നെ ഞാനും കയറി. പുറകില്‍ നിന്നും രണ്ടാമത്തെ സീറ്റാണു എന്‍റെ.
ട്രെയിന്‍ പോകുന്ന ദിശയിൽ പുറകിൽ നിന്നും രണ്ടാമത്തെ സീറ്റാണ് എന്‍റെ. റിസര്‍വേഷന്‍ ഇല്ല. എങ്കിലും,
എനിക്കായി, ആ സീറ്റ് എന്നും ഉണ്ടാവും.
ബോഗിയില്‍ വളരെ കുറച്ചു പേരെ ഉള്ളു. ചിലര്‍ പത്രം വായിക്കുന്നു. ചിലര്‍ പാട്ട് കേട്ടിരിക്കുന്നു. മറ്റു ചിലര്‍ രുചിച്ച് ചായ കുടിക്കുന്നു. ഇവിടെ തിരക്ക് പോയിട്ട് ആരും നിന്നു യാത്ര ചെയ്യുന്നത് തന്നെ ഞാന്‍ കണ്ടിട്ടില്ല. തിക്കും ബഹളവും കേട്ടിട്ടേ ഇല്ല. പച്ച പുല്‍മേടുകളും കൊച്ചു അരുവികളും കടന്നു നിശബ്ദമായി ട്രെയിന്‍ പോകുന്നു. കണ്ണടച്ചിരുന്നാൽ വീട്ടിലിരിക്കുന്ന പ്രതീതി.
സമയം കൃത്യം 8:26. ട്രെയിന്‍ സൂറിച്ച് സ്റ്റേഷനിൽ എത്തി – നിശബ്ദമായി തന്നെ. ബേണ്‍ മുതല്‍ സൂറിച്ച്
വരെയുള്ള യാത്രാ സമയം 52 മിനിട്ടാണ്. ഇന്ന് വരെ ട്രെയിന്‍ ഒരു മിനിട്ട് പോലും വൈകിയോ നേരത്തെയോ എത്തിയിട്ടില്ല. ഞാന്‍
ബാഗുമെടുത്ത് പതിയെ ഇറങ്ങി. 120 കി.മി. യാത്ര ചെയ്തതിന്‍റെ യാതൊരു ക്ഷീണവും
ഇല്ലാതെ.
***