പതിനാല് ആനകളുടെ നടുവിലായി തിടമ്പേറ്റിയ ഗജവീരൻ. നൂറിൽപരം വാദ്യക്കാരെ അണിനിരത്തി കാലം കേറുന്ന പഞ്ചാരി. തഴക്കം വന്ന തന്മയത്തോടെ മേളപടയെ നയിക്കുന്ന മേളപ്രമാണി. തിങ്ങി നിറഞ്ഞ പൂരപ്രേമികൾ, മേള കമ്പക്കാർ, ഭക്തജനങ്ങൾ ! ഇതിൻറെയൊക്കെ ഇടയിലൂടെയാണ് മെലിഞ്ഞുറച്ച ആ എളിയ മനുഷ്യൻ വലിയ എണ്ണപാട്ടയും ചുമലിൽ വെച്ച് തികഞ്ഞ മെയ്‌വഴക്കത്തോടെ തെന്നി തെന്നി സഞ്ചരിക്കുന്നത് !
അധികം ആരും അറിയാതെ, അറിയപ്പെടാതെ ഉത്സവം സമ്പൂർണമാക്കുന്ന പലരിൽ ഒരാൾ ! മുരളീധരേട്ടൻ. തൃശൂർ കരുവന്തല തട്ടകമാണ് സ്വദേശം. തീവെട്ടിയും എണ്ണയുമായി കാലം കുറെയായി പൂരപറമ്പുകളിൽ പൊന്നിൻപ്രകാശം പരത്തി പരന്നു നടക്കുന്നു.
"25 വർഷത്തിലേറെയായി ഉത്സവത്തിനുള്ള പന്തം ഏറ്റു തുടങ്ങിയിട്ട്. തിരുവമ്പാടി, തൃപ്രയാർ, ചേർപ്പ് ക്ഷേത്രങ്ങളിളെല്ലാം ഞാനാണ് ഏൽക്കാറ്."
തീവെട്ടിയിൽ തുണി ചുറ്റിക്കൊണ്ട് മുരളീധരേട്ടൻ പറഞ്ഞു.
"സൂര്യൻ അസ്തമിച്ചാൽ ഭഗവാൻ പോകുന്നിടത്തെല്ലാം പന്തവും കൊണ്ട് ഞങ്ങളും പോവും. ഈ വെട്ടത്തിൽ നെറ്റിപ്പട്ടവും, കോലവും, പട്ടുകുടയും, വെഞ്ചാമരവും ഒക്കെ വെട്ടി തിളങ്ങുന്ന കാഴ്ചയ്ക്കു പഴമയും, പവിത്രതയും, പാരമ്പര്യവുമുണ്ട് ! ഓരോ പൂരത്തിനും അതിന്റേതായ ചിട്ടവട്ടങ്ങളാ - പെരുവനം പൂരത്തിന് പുലർച്ചെ സൂര്യപ്രകാശം തിടമ്പിൽ വീണശേഷമേ പന്തം കെടുത്താവൂ എന്നാണ്."
അടുത്ത തീവെട്ടി എടുത്ത് വൃത്തിയാക്കിക്കൊണ്ട് മുരളീധരേട്ടൻ തുടർന്നു -
"പക്ഷെ , ഏതു ഉത്സവമാണെങ്കിലും ഏതു പൂരമാണെങ്കിലും ഞങ്ങളെയൊന്നും ആരും ഗൗനിക്കാറില്ല.. ഇപ്പോഴാണെങ്കിൽ ഹാലോജൻ ബൾബുകളും ഉണ്ടല്ലോ ! ഞങ്ങളീ ചെയ്യുന്നത് വെറും ചടങ്ങായി ഒതുങ്ങുന്നു. ഇക്കാലത്ത് ഇതൊക്കെ ആർക്കാ ആവശ്യം?"
"ചിലയിടത്ത് പറ എടുക്കാൻ കിലോമീറ്ററുകളോളം പന്തവും കൊണ്ട് നടക്കണം. തീവെട്ടിയും പിടിച്ച് പുലരുവോളം നിൽക്കാൻ അത്ര എളുപ്പമല്ല. പലപ്പോഴും തിളച്ച എണ്ണ കയ്യിൽ വീഴും, വീണാൽ അപ്പൊ പോളക്കും. അതുണങ്ങുവാൻ ദിവസങ്ങൾ എടുക്കും, ചിലപ്പോ ആഴ്ചകളും. പകൽ സമയത്ത് ഈ കാണുന്ന പോലെ പന്തം വൃത്തിയാക്കി പുതിയ തുണി ചുറ്റി വെക്കണം. പലരുടെയും പോലെ ഉത്സവം തുടങ്ങിയാൽ പിന്നെ വിശ്രമമില്ല!"
മുരളീധരേട്ടൻ തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിനു ആദ്യമായിട്ടാണ് എത്തുന്നത്.
"ഞാൻ ഇപ്പോൾ അധികം ഏൽക്കാറില്ല. കഴിഞ്ഞ തവണ തിരുവമ്പാടിക്കാർ വിളിച്ചതാ. ഞാൻ ഏറ്റില്ല. ഇപ്രാവശ്യം തോന്നി തൃപ്പൂണിത്തുറ ഭഗവാൻറെ ഉൽസവത്തിനു ഏൽക്കണമെന്ന്. കുടുംബവും പ്രാരബ്ധവും താങ്ങാൻ ഭഗവാൻ തന്നെ അനുഗ്രഹിക്കണ്ടേ?"
"ഇപ്രാവശ്യം പൂർണത്രയീശൻറെ ഉത്സവത്തിനു എത്തിയല്ലോ ഇനി എല്ലാം ശരിയാകും." - ഞങ്ങൾ പറഞ്ഞു
"അതെ, ഭഗവാൻ അനുഗ്രഹിക്കട്ടെ. തീവെട്ടിയുടെ ചൂട് കൊണ്ട് രാത്രി മുഴുവൻ നിൽക്കുമ്പോഴും ഭഗവാനോട് മനസ്സുരുകി പ്രാര്ഥിക്കാറാണ്. എന്നെ മാത്രമല്ല, എല്ലാവരെയും ഭഗവാൻ രക്ഷിക്കട്ടെ, നല്ലതുവരുത്തട്ടെ എന്ന്!"
"അടുത്ത കൊല്ലവും വൃശ്ചികോത്സവത്തിനു വരില്ലേ?"
"വരണമെന്ന് ഉണ്ട്. ഭഗവാൻ വിളിക്കട്ടെ!"
തീവെട്ടിയുടെ കെട്ട് മുറുക്കി മുരളീധരേട്ടൻ പറഞ്ഞു.
അതിൽ പിന്നെ പൂരപ്പറമ്പിൽ തീവെട്ടി വെട്ടം കാണുമ്പോഴെല്ലാം മുരളീധരേട്ടൻ മനസ്സിൽ വരും. കണ്ണുകൾ മുരളീധരേട്ടനെ ഒന്ന് തിരയും. മനസ്സ് ചോദിക്കും - "മുരളീധരേട്ടന്റെ പ്രാരബ്ധങ്ങൾ ഭഗവാൻ തീർത്തുകാണുമോ?" മനസ്സ് തന്നെ ഉത്തരവും തരും - "പിന്നല്ലാ, സ്വയം ഉരുകി ഭഗവാനെ വിളിക്കുന്നവനെ ഭഗവാൻ വിടുമോ?!"
(അനുഭവ കുറിപ്പ് - തൃപ്പൂണിത്തുറ വൃശ്ചികോത്സവം - 18.Nov.2017-25.Nov.2017)